തലശ്ശേരി: തലശ്ശേരി ഗവ: ജനറൽ ആശുപത്രി പൂർണ്ണമായും കൊവിഡ് ആശുപത്രിയാക്കില്ല. ജില്ലയിലെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 16 000, കടന്ന സാഹചര്യത്തിൽ ചികിത്സാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

80 ശതമാനം കിടക്കകളും കൊവിഡ് ബി, സി കാറ്റഗറി ചികിത്സക്കായി നീക്കിവയ്ക്കും. 20 ശതമാനം കിടക്കകൾ കൊവിഡ് ഇതര അത്യാഹിത കേസുകൾക്കായും മാറ്റിവയ്ക്കാനാണ് കളക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. അടിയന്തര സ്വഭാവമില്ലാത്ത കൊവിഡ് കേസുകൾ ഇവിടെ പ്രവേശിപ്പിക്കുന്നത് നിർത്തിവയ്ക്കും. ഒ.പികൾ നിയന്ത്രിക്കും. കൊവിഡിനായി സജ്ജീകരിക്കുന്ന കിടക്കകളിൽ ഓക്സിജൻ വിതരണത്തിന് സജ്ജീകരണമൊരുക്കും.

ആശുപത്രിയിലെ മെഡിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ഡോക്ടർമാരുടെ സംഘത്തെ സജ്ജമാക്കണം. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ആശുപത്രി സൂപ്രണ്ടിനെയും പദ്ധതി നടപ്പാക്കാനുള്ള നോഡൽ ഓഫീസറായി സബ്ബ് കളക്ടറെയും ചുമതലപ്പെടുത്തി.