നീലേശ്വരം: കൊവിഡ് പ്രതിസന്ധിക്കിടെ അച്ചടി മേഖലയിലെ തകർച്ച പൂർണമായ സ്ഥിതിയായി. എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ഇതിനെ ആശ്രയിക്കുന്ന തൊഴിലാളികൾ. ഡിജിറ്റൽ ടെക് നോളജിയുടെ കടന്ന് കയറ്റത്തിന് മുമ്പ് തന്നെ അച്ചടി മേഖല തകർച്ചയുടെ വക്കിലെത്തി നിൽക്കുകയായിരുന്നു. അതിനിടയിലാണ് കൊവിഡ് പ്രതിസന്ധിയും കടന്നു വന്നത്.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 6000 ചെറുകിട അച്ചുകൂടങ്ങൾ ഉണ്ടായിടത് ഇപ്പോഴത് 3000 ൽ എത്തി നിൽക്കുകയാണ്. ഇപ്പോഴുള്ളവ തന്നെ ഏത് നിമിഷവും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. ഡിജിറ്റൽ പ്രിന്റിംഗും വാട്സ് ആപ്പും വന്നതോടെ സാധാരണ പ്രസ്സുകളിൽ പ്രിന്റ് ചെയ്യാറുള്ള യോഗ നോട്ടീസ്‌, സംഘടനകളുടെ പ്രോഗ്രാം നോട്ടീസ്, കല്യാണകത്തുകൾ എന്നീ വർക്കുകൾ കുറഞ്ഞുതുടങ്ങിയിരുന്നു. ടിക്കറ്റുകളും രശീതികളും മറ്റും മെഷീനുകളിലേക്കും മാറി.

സർക്കാർ ഓഫീസുകളിൽ ഓൺലൈൻ സംവിധാനം വന്നതോടെ ഫോറങ്ങളും മറ്റും പ്രിന്റ് ചെയ്യാറില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉത്സവാഘോഷങ്ങൾ തുടങ്ങിയ പൊതുപരിപാടികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഏറേ പ്രതിസന്ധി നേരിടുകയാണ് ചെറുകിട പ്രസുകൾ.

12000 തൊഴിലാളികൾ

പ്രസുകൾ അടച്ച് പൂട്ടുന്നതോടെ 12000തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും വഴിയാധാരമാവുകയാണ്. പല പ്രസുടമകളും വായ്പയെടുത്താണ് ചെറുകിട പ്രസുകൾ തുടങ്ങിയത്. ഇവയിൽ പലരും ഇന്ന് ജപ്തി ഭീഷണിയും നേരിട്ട് കൊണ്ടിരിക്കുകയാണ്.

പാക്കേജുകൾ അകലെ

മറ്റ് മേഖലകളിൽ സർക്കാർ പാക്കേജ് അനുവദിക്കുമ്പോൾ പ്രിന്റിംഗ് മേഖലയുടെ സംരക്ഷണത്തിന് യാതൊരു ആനുകൂല്യവും കിട്ടുന്നില്ല. പ്രിന്റിംഗ് മേഖല തകരുന്നതോടെ പ്രസുകൾക്ക് ആവശ്യമായ പേപ്പർ മേഖലയും, അതിനെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും വഴിയാധാരമാകും.