കാസർകോട്: ജില്ലാ പഞ്ചായത്ത് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഒരു മാസത്തെ ഓണറേറിയവും വാക്സിൻ ചലഞ്ചിലേക്ക് നൽകും. കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും മുൻസിപാലിറ്റികളും വകയിരുത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. മേയ് ഒന്നു മുതൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി കൊവിഡ് വാക്സിൻ നൽകുന്ന പദ്ധതി ജില്ലാ ആരോഗ്യ വിഭാഗം ദേശീയ ആരോഗ്യ ദൗത്യം എന്നിവരുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. തുടർന്ന് അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും വാക്സിൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.