കാസർകോട്: വെടിവയ്പ്പ് കേസിൽ പ്രതിയായ മിയാപ്പദവ് സ്വദേശിയുടെ വീട്ടിൽ നിന്ന് കള്ളനോട്ടുകൾ കണ്ടെത്തി. മിയാപ്പദവ് അടുക്കത്ത്ഗുരിയിലെ റഹീമിന്റെ വീട്ടിൽ നിന്നാണ് 500 രൂപയുടെ 55 കള്ളനോട്ടുകൾ കണ്ടെത്തിയത്. മിയാപ്പദവിൽ വെച്ച് പൊലീസിന് നേരെ വെടിവയ്പ്പും ബിയർകുപ്പിയേറും നടത്തി കർണാടകയിലേക്ക് രക്ഷപ്പെട്ട സംഘം വിട്ട്ള പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അവിടെയും പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.
ഈ സംഘത്തെ വിട്ട്ള പൊലീസ് പിടികൂടിയിരുന്നു. റഹീം അടക്കമുള്ള പ്രതികളെ കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മിയാപ്പദവ് അടുക്കത്ത്ഗുരിയിലെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ഇത് പൊലീസ് ഗൗരവത്തിലെടുത്തിരിക്കുകയാണ്. റഹീമിനെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു.