കാസർകോട്: പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക പി.വി ജാനകി(65)യെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്തിമവാദം പൂർത്തിയായി. ജഡ്ജി അഹമ്മദ് കോയയാണ് കേസിൽ വാദം കേട്ടത്. പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്ന തീയതി മേയ് 17ന് പ്രഖ്യാപിക്കും.
2017 ഡിസംബർ 13ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയെ സംഘം ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഏഴുപവൻ സ്വർണവും 92,000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. പുലിയന്നൂർ ചീർക്കളം വലിയവീട്ടിൽ വിശാഖ്(30), ചീർക്കളത്തെ ടി. റനീഷ്(23), ചീർക്കളം അള്ളറാട്ട് അരുൺകുമാർ(28) എന്നിവരാണ് കേസിലെ പ്രതികൾ.
കവർച്ചയ്ക്കിടെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ജാനകി സംഘത്തെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതികൾ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഇവരുടെ ഭർത്താവ് കൃഷ്ണനും കുത്തേറ്റു. കൊലപാതകത്തിനു ശേഷം സ്വർണാഭരണങ്ങളും പണവുമായി സംഘം കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ ഇതരസംസ്ഥാനതൊഴിലാളികളാണെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്.
കേസിലെ ഒന്നാംസാക്ഷി കൃഷ്ണൻ, ഫോറൻസിക് ഉദ്യോഗസ്ഥർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരടക്കം ഈ കേസിൽ 94 സാക്ഷികളെ വിസ്തരിച്ചു. 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. ദിനേഷ്‌കുമാറും പ്രതിഭാഗത്തിനുവേണ്ടി ഗിരീഷ് റാവുവും കോടതിയിൽ ഹാജരായി.