ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിനായി മുറവിളി
ചെറുവത്തൂർ: ചെറുവത്തൂർ ടൗണിലെ പ്രധാന ജംഗ്ഷനിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത് നിയന്ത്രിക്കാനായി ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടൗണിന്റെ കണ്ണായ സ്റ്റേഷൻ റോഡ് ജംഗ്‌ഷനിലാണ് വാഹനങ്ങളുടെ തിരക്കു കാരണം എന്നും വീർപ്പുമുട്ടുന്നത്.
ഹൈവേയിൽ നിന്നടക്കം മൂന്നു ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇവിടെയില്ലാത്തതു കാരണം പലപ്പോഴും അപകട സാദ്ധ്യത ഉണ്ടാക്കുന്നുവെന്ന് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പരാതിയുണ്ട്. തെക്കു ഭാഗത്തുള്ള കാലിക്കടവ് ദേശീയപാത വഴി വരുന്ന വാഹനങ്ങളും വടക്കുഭാഗത്തു നിന്നുള്ള നീലേശ്വരം റോഡിൽ നിന്നുള്ള വാഹനവും പടിഞ്ഞാറെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും കടന്നു പോകുന്ന ഈ ജംഗ്ഷനിൽ ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് പല ദിശകളിലേക്കും കടന്നു പോകുമ്പോൾ തർക്കങ്ങളും കശപിശയുമൊക്കെ പതിവാണ്.
നിരവധി അപകടങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ആശുപത്രി, ഓട്ടോസ്റ്റാൻഡ്, ധനകാര്യ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് എന്നിവ വളരെ അടുത്തായി സ്ഥിതി ചെയ്യുന്നുവെന്നതിനാൽ എപ്പോഴും തിരക്കൊഴിഞ്ഞ സമയമില്ല. നീലേശ്വരം ഭാഗത്തേക്കും തിരിച്ചുമായെത്തുന്ന ബസുകൾ ബസ് സ്റ്റാൻഡിലെത്താൻ ഇതിലൂടെയാണ് കടന്നു പോകേണ്ടത്. അതുകൊണ്ടു തന്നെ രണ്ടോ മൂന്നോ ബസുകൾ ഒരേ സമയത്ത് ഇവിടെ എത്തിപ്പെട്ടാൽ പലപ്പോഴും ട്രാഫിക് കുരുക്ക് ഉണ്ടാവുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു
ടൗണിലുള്ള ഏക ഹോം ഗാർഡിനാണ് ഈ കുരുക്കൊക്കെ നിയന്ത്രിക്കാനുള്ള ചുമതല. ഇതൊരാളേ കൊണ്ട് ചെയ്യാനാവില്ല. റോഡു വീതി കൂട്ടി നവീകരിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും വർദ്ധിച്ചത് പ്രശ്നങ്ങൾ ഇരട്ടിക്കാൻ ഇടയായി.
വേണ്ടത് സിഗ്നൽ സംവിധാനം
ദേശീയപാതയിലുള്ള ഈ ജംഗ്ഷനിൽ ഒരു ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമോ ട്രാഫിക് സർക്കിളോ സ്ഥാപിച്ച് വാഹനങ്ങളുടെ യാത്ര സുഗമമാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.