കാസർകോട്: കറൻസി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും ഇരുവരുടെയും കുടുംബങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ ഏഴുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ അഹമ്മദ് അഷ്രഫ്, സുഹൃത്ത് ജാവേദ് എന്നിവരെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ അത്താവറിലെ അഹമ്മദ് ഇക്ബാൽ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ് (33), ഉമർ നൗഫൽ(24), കാസർകോട്ടെ ഷംസീർ (29), ഉപ്പള സ്വദേശി കളായ സയ്യിദ് മുഹമ്മദ് കൗസർ (41),ഷെയ്ഖ് മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് കാറുകൾ, ഒരു ബൈക്ക്, 10 മൊബൈൽ ഫോണുകൾ, വിലപിടിപ്പുള്ള രേഖകൾ, 120 ഗ്രാമിന്റെ സ്വർണ്ണമാല തുടങ്ങിയവ പ്രതികളിൽ നിന്നും പൊലീസ് പിടികൂടി. അഹമ്മദ് അഷ്റഫിനെ ഏപ്രിൽ 22ന് മംഗളൂരു കെസി റോഡിൽ നിന്നും സുഹൃത്ത് ജാവേദിനെ ഹൊസങ്കടിയിൽ നിന്നും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇരുവരെയും ഒരു വീട്ടിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചതോടെ അഷ് റഫിനെയും ജാവേദിനെയും പ്രതികൾ തലപ്പാടിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്.