പാനൂർ: പുത്തൂർ, പാറാട്, കണ്ണങ്കോട് മേഖലയുടെ പ്രധാന ജല സ്രോതസ്സായ പുത്തൂർ പുഴയെ വീണ്ടെടുക്കാൻ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ യുവമെമ്പർമാരുടെ കഠിനപ്രയത്നം. പതിമൂന്നാം വാർഡ് മെമ്പർ പി.കെ. മുഹമ്മദലി, പതിനാലാം വാർഡ് മെമ്പർ കെ.സി ജിയേഷ്, പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്, പതിനൊന്നാം വാർഡ് മെമ്പർ പി.വി. അഷ്‌കറലി എന്നിവരാണ് പുത്തൂർ പുഴക്ക് പുനർജ്ജനി നൽകാൻ മുന്നിട്ടിറങ്ങിയത്.
ഒരു കാലഘട്ടത്തിൽ പ്രദേശത്തെ കുട്ടികളും മുതിർന്നവരുമടക്കം വൈകുന്നേരങ്ങളിൽ കുളിക്കാൻ വരെ ആശ്രയിച്ചിരുന്ന പുത്തൂർ പുഴ ഇന്ന് മാലിന്യകൂമ്പാരമാണ്. വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങളൊന്നും നടക്കാത്തതിനാൽ പുഴ തന്നെ ഇല്ലാതായ സ്ഥിതിയാണ്. മണ്ണും മാലിന്യവും ചേർന്ന് പുഴയും കരയും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ് പുഴയുടെ അവസ്ഥ.
പതിനാലാം വാർഡ് മെമ്പർ ജിയേഷാണ് രണ്ട് മാസം മുമ്പ് ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്. പിന്നാലെ പി.കെ മുഹമ്മദലിയും അഷ്‌കറലിയും ഫൈസലും അവരവരുടെ വാർഡുകളിൽ പുഴ ശുചീകരണത്തിന് തുടക്കം കുറിച്ചു. ഇതോടെ പൂർണ്ണ പിന്തുണയുമായി നാടാകെ മെമ്പർമാർക്കൊപ്പം ചേർന്നു. പുഴക്ക് ശാന്തമായി ഒഴുകാനുള്ള സാഹചര്യമുണ്ടാക്കാൻ ഇനിയും ദിവസങ്ങളുടെ പരിശ്രമം വേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. ലതയും സെക്രട്ടറി വി.വി. പ്രസാദും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഇവരുടെ ദൗത്യത്തിന് പിന്തുണയുമായി കൂടെയുണ്ട്.