കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം കോട്ടിക്കുളം പള്ളിക്കടുത്ത കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളിനെ 13 ദിവസത്തിന് ശേഷം തിരിച്ചറിഞ്ഞു. കർണാടക ഹാവേരി ജില്ലയിലെ തിമിനഹള്ളി സ്വദേശി ചെമ്പസണ്ണയുടെ മകൻ ദേവണ്ണ (50) യാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ മകൻ ശ്രീകാന്ത് ചൗട്ട ബേക്കലിൽ എത്തിയാണ് കൊല്ലപ്പെട്ടത് ദേവണ്ണായാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ദേവണ്ണ പ്രതി കർണാടക നാഗൂർ നർസാപൂർ സ്വദേശിയുമായ ഉമേഷ് ഗൗഡ (36) യുടെ ഫോണിൽ നിന്ന് മറ്റൊരു മകനായ ശ്രീകാന്തിന്റെ ജ്യേഷ്ഠനെ വിളിച്ചിരുന്നു. പ്രതിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടയാളുടെ മകന്റെ നമ്പർ ലഭിച്ചത്. കാസർകോട്ടേക്ക് കൂലി പണിയെടുക്കാൻ വരാറുള്ള ദേവണ്ണ ബസ് സ്റ്റാൻഡ്, കടത്തിണ്ണ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് അന്തിയുറങ്ങിയിരുന്നത്. മകൻ ശ്രീകാന്തും കാസർകോട് പണിക്ക് വന്നെങ്കിലും മൂന്ന് മാസമായി ഇവർ തമ്മിൽ കണ്ടിരുന്നില്ല. മൂന്നും നാലും മാസങ്ങൾ കൂടുമ്പോൾ ദേവണ്ണ നാട്ടിൽ പോകാറുണ്ട്. അങ്ങിനെ നാട്ടിൽ പോയിട്ടുണ്ടാകുമെന്നായിരുന്നു ശ്രീകാന്ത് കരുതിയിരുന്നത്. കിട്ടിയ ഫോൺ നമ്പറിൽ പൊലീസ് വിളിച്ചത് പ്രകാരം അറിയിച്ചതിനെ തുടർന്നാണ് ശ്രീകാന്ത്, പണിക്കരുടെ കോൺട്രാക്ടറുടെ കൂടെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കാസർകോട് നിന്നും ഒപ്പം കൂടിയ ദേവണ്ണയെ പ്രതി ഉമേഷ് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ആണി തറച്ച പട്ടിക കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിനാൽ ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതി ഉമേഷ് ഗൗഡയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടിവരുമെന്ന് ബേക്കൽ ഡിവൈ.എസ്.പി ബിജു 'കേരളകൗമുദി'യോട് പറഞ്ഞു.