കണ്ണൂർ: പ്രഭാത സവാരിക്കിടെ റിട്ട. അദ്ധ്യാപകൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഫെബ്രുവരി 23നാണ് മയ്യിൽ ടൗണിൽ പ്രഭാത സവാരിക്കിടെ റിട്ട. അദ്ധ്യാപകനും പെൻഷൻ സംഘടനയുടെ ഭാരവാഹിയും ആയ വേളം എ.കെ.ജി. നഗറിലെ ബാലകൃഷ്ണൻ (72) വാഹനമിടിച്ച് മരിച്ചത്.
ഇടിച്ചിട്ട വാഹനം നിർത്താതെ പോയിരുന്നു. രാവിലെ 5.15നായിരുന്നു അപകടം. അന്വേഷണത്തിൽ തുമ്പില്ലാത്തതിനെ തുടർന്ന് പ്രദേശത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ച് പ്രതിയുടെ രേഖചിത്രം അടക്കം തയ്യാറാക്കിയിരുന്നു. എന്നിട്ടും മയ്യിൽ പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് കണ്ണൂർ എ.സി.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരിക്കുന്ന അപകടങ്ങൾ വർദ്ധിച്ചിരുന്നു. മിക്ക സംഭവങ്ങളിലും ഇടിച്ചിട്ട വാഹനം നിർത്താതെ പോകുന്നതാണ് പതിവ്.