തലശ്ശേരി: വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോർത്ത ഒരു കമ്മ്യൂണിറ്റ് പോരാളികൂടി വിട പറഞ്ഞു.
വിപ്ളവം പുലരുമെന്ന് സ്വപ്നം കണ്ട് ഒരു കാലത്ത് ഇറങ്ങിയവരിൽ പ്രമുഖനായിരുന്നു പുന്നോൽ ബാലകൃഷ്ണൻ. നക്സൽബാരി കലാപത്തിന്റെ അലയൊടികൾ രാജ്യത്തെമ്പാടും ആഞ്ഞടിക്കുന്ന കാലത്താണ് കുന്നിക്കൽ നാരായണനോടൊപ്പം ഇദ്ദേഹം പ്രസ്ഥാനത്തിലെത്തുന്നത് .

ചാരു മജുംദാറും, കനു സന്യാലുമായിരുന്നു അന്ന് അഖിലേന്ത്യാ നേതാക്കൾ. ഭരണകൂടസ്ഥാപനങ്ങളെ കടന്നാക്രമിച്ച് അധികാരം പിടിച്ചെടുക്കുക എന്ന രാഷ്ട്രീയ ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിൽ പുൽപ്പള്ളിയിലും തലശ്ശേരിയിലും പൊലീസ് സ്റ്റേഷനുകൾക്ക് നേരെ അക്രമം നടന്നു. വയനാട്ടിലെ ജൻമിമാരുടെ ക്രൂരതകൾക്കെതിരെ കർഷക -ആദിവാസി പക്ഷത്ത് നിലയുറപ്പിച്ച് സായുധമായി പോരാടാൻ തോക്കുകൾക്ക് വേണ്ടിയായിരുന്നു പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചത്.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ എൻ.സി.സി വിഭാഗത്തിന്റെ 30 ത്രി നോട്ട് ത്രി തോക്കുകൾ തലശ്ശേരി സ്റ്റേഷനിലുണ്ടെന്ന വിശ്വാസത്തിലായിരുന്നു അക്രമം സംഘടിപ്പിച്ചിരുന്നത്. എന്നാൽ ആസൂത്രണം പൊളിഞ്ഞ് പോവുകയായിരുന്നു.
ഈ രണ്ട് പൊലീസ് സ്റ്റേഷൻ അക്രമ കേസിലും പ്രതിയായിരുന്നു ബാലകൃഷ്ണൻ. തലശ്ശേരി സ്റ്റേഷൻ അക്രമത്തിൽ മൂന്നാം പ്രതി. തലശ്ശേരി കടലോരത്തെ പാട്യം കമ്മാരൻ മാസ്റ്റരുടെ പാരലൽ കോളേജായിരുന്നു അക്കാലത്ത് കമ്യൂണിസ്റ്റ് പോരാളികളുടെ താവളം. സി.പി.എമ്മിൽ 1968 കാലത്ത് ഉണ്ടായ ഇടത് തീവ്രചിന്തകൾക്കൊപ്പം ഉറച്ച് നിന്ന ഇദ്ദേഹം കുന്നിക്കൽ നാരായണൻ, മന്ദാകിനി, അജിത തുടങ്ങിയവർക്കൊപ്പം നിന്നു. റിബൽ പബ്ലിക്കേഷന്റെ പ്രധാനിയായിരുന്നു.' ഒരു തീപ്പൊരി കാട്ടുതീ സൃഷ്ടിക്കുന്നു എന്ന മാവോവിന്റെ വിഖ്യാത ലേഖനവും മലയോട് പടവെട്ടിയ വിഢ്ഢിയായ കിഴവന്റെ കഥ 'യുമെല്ലാം പ്രസിദ്ധീകരിച്ചത് പുന്നോൽ ബാലകൃഷ്ണനായിരുന്നു. കടുത്ത മർദ്ദനങ്ങൾക്കും കാരാഗൃഹവാസന്തിനൊടുവിൽ, ജയിൽ മോചിതരായ പലരും മറ്റ് ലാവണങ്ങളിൽ ചേക്കേറിയെങ്കിലും ബാലകൃഷ്ണൻ, അവസാനകാലത്തും പഴയ വിപ്ലവചിന്തകളിൽ നിന്നും വ്യതിചലിച്ചില്ല.