കണ്ണൂർ: റിട്ട. അദ്ധ്യാപിക ചീമേനിക്കടുത്തെ പുലിയന്നൂരിലെ ജാനകി ടീച്ചർ കൊല്ലപ്പെട്ട കേസിൽ മെയ് 17ന് കോടതിയിൽ അന്തിമവാദം നടക്കും. 2017 ഡിസംബർ 13ന് രാത്രിയാണ് പുലിയന്നൂർ ഗവ. എൽ.പി. സ്‌കൂളിലെ റിട്ട. അദ്ധ്യാപികയായ പൊതാവൂരിലെ കളത്തേര വീട്ടിൽ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാനകിയുടെ ഭർത്താവ് കളത്തേര വീട്ടിൽ കൃഷ്ണനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അദ്ധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്ത് നിന്നും 13 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയുമാണ് കവർച്ച ചെയ്തത്.
പുലിയന്നൂർ ചീർക്കളം വലിയ വീട്ടിൽ വി.വി. വിശാഖ് (30), ചീർക്കളം തലക്കാട്ട് വീട്ടിൽ ടി. ഹരീഷ് (23), ചീർക്കളം അള്ളറാട്ട് വീട്ടിൽ അരുൺ കുമാർ (28) എന്നിവരടങ്ങിയ സംഘമാണ് അദ്ധ്യാപികയെ കൊലപ്പെടുത്തി കവർച്ച നടത്തിയത്. മുഖംമൂടി അണിഞ്ഞെത്തിയ കവർച്ചാ സംഘത്തെ അദ്ധ്യാപിക തിരിച്ചറിഞ്ഞതാണ് കൊലയിലേക്ക് നയിച്ചത്. ടീച്ചറുടെ വീട്ടിലെത്തിയ സംഘം കോളിംഗ് ബെല്ലടിച്ചതിനെ തുടർന്ന് ടീച്ചറുടെ ഭർത്താവ് കൃഷ്ണൻ വാതിൽ തുറക്കുകയായിരുന്നു. അക്രമണം തുടങ്ങിയതോടെ ശബ്ദം കേട്ട് കേട്ട് ഓടിയെത്തിയ ജാനകി ടീച്ചർ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിശാഖിന്റെയും റനീഷിന്റെയും സംസാരത്തിൽ നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞു. ഇതാണ് അരും കൊലയിലേക്ക് എത്താൻ കാരണം. അരുണാണ് കത്തി ഉപയോഗിച്ച് ജാനകിയുടെ കഴുത്ത് മുറിച്ചത്. കൃഷ്ണൻ മാസ്റ്ററെ വിശാഖ് കണ്ണുംപൂട്ടി കത്തിവീശുകയായിരുന്നു. പൊലീസിനെ വട്ടം കറക്കിയ കേസിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കേസിലെ യാഥാർത്ഥ പ്രതികളെ കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുടെ പിതാവ് നൽകിയ സൂചനയാണ് കൊലയാളി സംഘത്തെ പിടികൂടാൻ സഹായകമായത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ ബാങ്കിൽ സ്വർണം പണയം വച്ച രശീത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പിതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമൺ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ആയിരുന്ന കെ. ദാമോദരൻ, നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ പി. ഉണ്ണിക്കൃഷ്ണൻ, ചീമേനി എസ്.ഐ. രമണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പുലിയന്നൂർ കൊലപാതകം തെളിയിച്ചത്.