കണ്ണൂർ: കൊവിഡ് വാക്‌സിനെടുക്കുന്നതിന് മുമ്പ് യുവാക്കൾ രക്തദാനം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിന് നൽകിയ മൊബൈൽ ബ്ലഡ് ബാങ്ക് കളക്ഷൻ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നാളെ അഴീക്കോട് ചെമ്മരശ്ശിപ്പാറയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലയൺസ് ക്ലബ്ബ് ഒഫ് കാനന്നൂർ ലൂം സിറ്റിയുടെയും അഴീക്കോട് യുവധാര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 39 ലക്ഷം രൂപ ചെലവിലാണ് ഈ യൂണിറ്റ് ഉൾപ്പെടുന്ന ബസ് വാങ്ങി നൽകിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നാളെ നടക്കുന്ന പരിപാടി ലയൺസ് ഡിസ്‌ട്രിക്ട് ഗവർണർ ഡോ.ഒവി.സനൽ ഉദ്ഘാടനം ചെയ്യും. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ .അജീഷ് ആദ്യ രക്തദാതാവാവും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 100 പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് സൗജന്യ കിറ്റ് വിതരണവും നടത്തും. കണ്ണൂർ ജില്ലയിൽ എവിടെയും ചെന്ന് രക്തം ശേഖരിക്കാനുള്ള സംവിധാനം ഈ യൂണിറ്റിലുണ്ട്. വാർത്താ സമ്മേളനത്തിൽ ലയൺസ് ക്ലബ്ബ് ഒഫ് കാനന്നൂർ ലൂം സിറ്റി പ്രസിഡന്റ് പി. പ്രസാദ്, ട്രഷറർ ബിജേഷ് നമ്പ്യാർ, യുവധാര ക്ലബ്ബ് പ്രസിഡന്റ് ടി.വി. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.