കണ്ണൂർ: കരിങ്കൽ ക്വാറികളിൽ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിജിലൻസ് പരിശോധന നടത്തി. കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 10 ലോറികളും രേഖകളും പിടിച്ചെടുത്തു. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇൻസ്‌പെക്ടർമാരായ എ.വി ദിനേശ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.

വരും ദിവസങ്ങളിൽ കരിങ്കൽ ക്വാറികളിൽ പരിശോധന ശക്തമാക്കാനാണ് വിജിലൻസിന്റെ നീക്കം. ശ്രീകണ്ഠപുരം ചേപ്പറമ്പ്, കൂത്തുപറമ്പിലെ വാഴമല, കൊളവല്ലൂർ ഭാഗങ്ങളിലെ കരിങ്കൽ ക്വാറികളിലുമാണ് റെയ്ഡ് നടത്തിയത്. ജിയോളജി ആൻഡ് മൈനിംഗ് വിഭാഗം നൽകിയ പാസിൽ കാണിച്ച അളവിനേക്കാൾ മൂന്നിരട്ടി കടത്തികൊണ്ടുപോകുകയും ഇതുവഴി സർക്കാരിന് ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും തൂക്ക വ്യത്യാസത്തിൽ ഉടമകൾ വൻ സാമ്പത്തികതട്ടിപ്പ് നടത്തിയതായും കണ്ടെത്തിയതിനാണ് നടപടി. ഇത്തരത്തിൽ കരിങ്കല്ലുകൾ കടത്താൻ ഉപയോഗിച്ച 10 ലോറികളാണ് പിടികൂടിയത്.

പാസില്ലാതെ കരിങ്കൽ കടത്തുകയായിരുന്ന രണ്ടു ലോറികളും വിജിലൻസ് സംഘം പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് പാസ് പ്രകാരം അളവ് തൂക്കാനുള്ള സംവിധാനം ഇല്ലാത്തതും ക്വാറി ഉടമകൾക്ക് സൗകര്യമായി മാറിയിട്ടുണ്ട്. അളവ് സംബന്ധമായ രേഖകളും മറ്റും വിജിലൻസ് പിടിച്ചെടുത്തു. ലൈസൻസിന്റെ മറവിൽ നിയമ വിരുദ്ധ പ്രവൃത്തികൾ നടത്തിയ ക്വാറി ഉടമകളിൽ നിന്നും സർക്കാരിലേക്ക് മൂന്ന് ലക്ഷത്തോളം രൂപ പിഴ കെട്ടും.