കെ.എസ്.ആർ.ടി.സി 30 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു
കാഞ്ഞങ്ങാട്: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നഗരത്തിൽ തിരക്കൊഴിഞ്ഞു. കച്ചവട കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റിലും ഇറച്ചിക്കടകളിലും ആളൊഴിഞ്ഞു. നഗരത്തിൽ അനാവശ്യമായി വന്നുപോകുന്നവരെ പിടികൂടാൻ പൊലീസെത്തിയതോടെയാണ് തിരക്കൊഴിഞ്ഞിരിക്കുന്നത്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ വ്യാപാരമില്ല. വസ്ത്ര- ചെരുപ്പ്- ആഭരണ കടകളിലെ സ്ഥിതിയും ഇതുതന്നെ. പച്ചക്കറിക്കടകളിൽ പോലും തിരക്കു കാണാനില്ല. ഓഫീസുകളിലും അത്യാവശ്യത്തിനുള്ളവരേ വരുന്നുള്ളു. ബസുകളിൽ പകുതി സീറ്റും കാലിയാണ്. കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ 30 ശതമാനം ഓട്ടം കുറച്ചു. സ്വകാര്യ ബസുകളിലും പലതും ഓടുന്നില്ല. രാവിലെയും വൈകിട്ടും സർവീസ് നടത്തി അവസാനിപ്പിക്കുന്ന രീതിയാണ് കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പ് അതും നിലച്ചു.
ഉൾനാടുകളിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചതോടെ അത്യാവശ്യത്തിനു നഗരത്തിൽ വരാൻ പോലുമാകാതെ സാധാരണക്കാർ വിഷമിക്കുകയാണ്. ചെറുസഞ്ചികളിൽ കശുവണ്ടിയും മറ്റും വിൽക്കാൻ നഗരത്തിൽ എത്തുന്നവരും ഗതാഗത സൗകര്യക്കുറവിൽ ബുദ്ധമുട്ടുകയാണ്. വാക്സിൻ എടുക്കാനും മറ്റും ആശുപത്രികളിൽ വരുന്നവരും ബസുകൾ ഓട്ടം കുറച്ചതിൽ വിഷമിക്കുന്നവരാണ്.