തളിപ്പറമ്പ്: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും വിചാരണ തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മോഷണകേസിൽ അറസ്റ്റിലായ സുൽത്താൻബത്തേരി സ്വദേശി ചന്ദ്രനാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
2020 ഏപ്രിൽ 16 ന് മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ഒരു കേസിലാണ് ചന്ദ്രനും സഹോദരനും അറസ്റ്റിലായത്. സെൻട്രൽ ജയിലിൽ നിന്നുമാണ് ചന്ദ്രന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ചന്ദ്രനുൾപ്പെടെ ഏഴ് പ്രതികളാണ് ഇവിടെ പ്രത്യേക സുരക്ഷയിൽ ചികിത്സയിലുണ്ടായിരുന്നത്. കാവലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ചന്ദ്രനെ കണ്ടെത്താൻ പൊലീസും ജയിൽ വകുപ്പ് അധികൃതരും ഊർജിതമായ അന്വേഷണം തുടങ്ങി.