കാസർകോട്: ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് മാലോം സ്വദേശി മാർട്ടിൻ ജോർജിനെയാണ് നീക്കിയത്. ഇത് സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം തപാൽ മാർഗം മാർട്ടിന് ലഭിച്ചു. ഹക്കീം കുന്നിൽ നേരും നെറിയും ഉള്ള കോൺഗ്രസ് പ്രവർത്തകരോട് പക പോക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ പ്രവർത്തിക്കാൻ വേണ്ടി പറഞ്ഞപ്പോൾ അത് ചെയ്യാത്തതിനാണ് തന്നെ ഒഴിവാക്കാൻ കാരണം. മരണം വരെയും കോൺഗ്രസിനൊപ്പം നില കൊള്ളുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്താണ് കാസർകോട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ഹക്കീം കുന്നിലിനെതിരെ സോഷ്യൽ മീഡിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാതെ വരികയും ഇതിനിടയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം കിട്ടുകയും രണ്ടു ദിവസം കൊണ്ട് അത് റദ്ദ് ചെയ്യുകയും ചെയ്തതോടെയാണ് രാജു കട്ടക്കയത്തെ പിന്തുണക്കുന്ന മലയോരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹക്കീം കുന്നിലിനെതിരെ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്.
രാജു കട്ടക്കയത്തിന് സീറ്റ് നിഷേധിച്ചതിന് പിന്നിലും കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം റദ്ദ് ചെയ്തതും ഹക്കീം കുന്നിലിന്റെ ഇടപെടൽ മൂലം ആണെന്നതിനാലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. മലയോരത്ത് ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പോലും ബഹിഷ്‌കരിക്കാൻ ഇരിക്കുന്നതിനിടെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി. അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെടുകയും രാജു കട്ടക്കയം ഉൾപ്പെടെയുള്ളവരെ അനുനയിപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ചു എന്ന് കാട്ടി ഇപ്പോൾ പുറത്താക്കിയ മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള ആറ് യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഹക്കീം കുന്നിൽ കാസർകോട് ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് മുമ്പാകെ ഹാജരാകുകയും മൊഴി നൽകുകയും ചെയ്തിരുന്നു. അന്ന് ആ പ്രശ്‌നം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഇപ്പോൾ വീണ്ടും ഡി.സി.സി പ്രസിഡന്റ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ മലയോരത്തെ ശക്തനായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ സ്വീകരിച്ച നടപടി വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.