result

കണ്ണൂർ : നാളെ രാവിലെ എട്ടിന് പെട്ടി തുറക്കുമ്പോൾ വിജയം ആർക്കൊപ്പം എന്നതിനെ ചൊല്ലി നെഞ്ചിടിപ്പേറുകയാണ് മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും.തുടർച്ച ലക്ഷ്യമിടുന്ന ഇടതിനും തിരിച്ചുവരവിന് ആഞ്ഞുപിടിക്കുന്ന യു.ഡി.എഫിനും കണ്ണൂരിലെ ഓരോ സീറ്റും നിർണായകമാണ്. പതിനൊന്ന് സീറ്റുകളിൽ ഒമ്പതെണ്ണം നേടുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ .നാല് സീറ്റ് ഉറപ്പാണെന്നും ആറെണ്ണം വരെ കിട്ടിയേക്കാമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു.

2016ൽ എൽ.ഡി.എഫ് 50.89 ശതമാനം ,​ യു.ഡി. എഫ് 36.19 ശതമാനം ,​എൻ.ഡി.എ. 10.6 ശതമാനം എന്നിങ്ങനെയാണ് ജില്ലയിൽ നേടിയത്. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ജനവിധി തേടുന്ന കണ്ണൂരിൽ എട്ടിടത്ത് സി.പി.എമ്മും ഓരോ സീറ്റിൽ കോൺഗ്രസ് എസും ലോക് താന്ത്രിക് ദളും കേരള കോൺഗ്രസ് എമ്മുമാണ് മത്സരിക്കുന്നത്. യു.ഡി. എഫ് മുസ്ലീം ലീഗിനു മൂന്ന് സീറ്റും ആർ. എസ്.പിക്ക് ഒരു സീറ്റും നൽകി.

ഇത്തവണയും ബി.ജെ.പി ജില്ലയിൽ പ്രതീക്ഷകൾ ഒന്നും പുലർത്തുന്നില്ല. പരമാവധി നില മെച്ചപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. 2016 ലെ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, കണ്ണൂർ, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നീ സീറ്റുകൾ ഇടതുമുന്നണി നേടിയപ്പോൾ അഴീക്കോട്, ഇരിക്കൂർ, പേരാവൂർ എന്നിവ യു.ഡി.എഫിനൊപ്പം നിന്നു. ഇത്തവണ അഴീക്കോട് കൂടി പിടിക്കുമെന്നും പേരാവൂർ കൂടി ലഭിച്ചാൽ അത്ഭുതപ്പെടാനില്ലെന്നുമാണ് ഇടതു കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ തവണ നേടിയ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് സീറ്റുകൾക്ക് പുറമെ കണ്ണൂരിലും കൂത്തുപറമ്പിലും യു.ഡി.എഫ് പ്രതീക്ഷ വെക്കുന്നു.

എരിപൊരി മണ്ഡലങ്ങൾ

തലശ്ശേരിയിലെ നേർക്കുനേർ

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച തലശേരിയിൽ ബി.ജെ.പിക്ക് ഇത്തവണ സ്ഥാനാർത്ഥിയില്ല. സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി നസീർ ബി.ജെ.പി പിന്തുണ നിരസിക്കുകയും ചെയ്തതോടെ ഈ വോട്ടുകൾ എങ്ങോട്ടുപോകുമെന്നത് നിർണായകമാണ്.ഈ വോട്ടുകൾ യു.ഡി.എഫിന് പോയാലും പതിനായിരത്തോളം വോട്ടുകൾക്ക് എ. എൻ.ഷംസീർ വിജയിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ.

പൊട്ടങ്കണ്ടിയുടെ പോരാട്ടം

കെ.കെ.ശൈലജക്കെതിരെ 2016ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.പി.മോഹനനാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുസ്ലിംലീഗിലെ പ്രവാസി വ്യവസായിയും മണ്ഡലത്തിന് സുപരിചിതനുമായ പൊട്ടങ്കണ്ടി അബ്ദുല്ലയാണ് എതിർ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയുടെ പാർട്ടി മാറലടക്കം മണ്ഡലത്തിൽ വിപരീത തരംഗം ഉണ്ടാക്കിയെന്ന് വിലയിരുത്തുമ്പോഴും ജയിച്ചു കയറാൻ കഴിയുമെന്നാണ് എൽ.ഡി. എഫിന്റെ കണക്കുകൂട്ടൽ. തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

കണ്ണൂർ ഉറപ്പിച്ച്

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്ന കണ്ണൂർ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. കഴിഞ്ഞ തവണ കോൺഗ്രസിനും മുന്നണിക്കും ഉള്ളിലുണ്ടായ പ്രശ്നങ്ങളാണ് തിരിച്ചടിയായതെന്നും ഇത്തവണ ഒറ്റക്കെട്ടായ യു.ഡി.എഫ് മണ്ഡലം പിടിക്കുമെന്നുമാണ് അവകാശവാദം. മണ്ഡലം നിലനിർത്തുമെന്ന വിശ്വാസമാണ് എൽ.ഡി.എഫിന്.

അഴീക്കോട്ടെ പൂഴിക്കടകൻ

കെ.എം.ഷാജി രണ്ട് തവണ ശക്തമായ പോരാട്ടത്തിലൂടെ പിടിച്ചെടുത്ത അഴീക്കോട്, ഇത്തവണ യു.ഡി.എഫിന് എളുപ്പമല്ല. ഹാട്രിക് വിജയം ലക്ഷ്യമാക്കി ഇറങ്ങിയ കെ.എം.ഷാജിക്കെതിരെ കെ.വി സുമേഷ് നേടുന്ന വ്യക്തിഗത വോട്ടുകളാവും നിർണായകം.

പേരാവൂരിലെ ഉശിരൻ പോരിൽ

പേരാവൂരിൽ അഡ്വ.സണ്ണി ജോസഫിന് ശക്തമായ വെല്ലുവിളി സക്കീർ ഹുസൈൻ ഉയർത്തിയിട്ടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. ഇത് വോട്ടിംഗിൽ എത്രത്തോളം പ്രതിഫലിക്കുമെന്നതാണ് പ്രധാനം. കോൺഗ്രസിലെ ഗ്രൂപ്പ് പോരും സക്കീറിന്റെ സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മുന്നണി കരുതുന്നു.