തലശ്ശേരി: ഹൈക്കോടതി നിർദ്ദേശപ്രകാരം അസാധാരണ നിയന്ത്രണങ്ങൾ ജാഗ്രതയോടെ നടപ്പാക്കി വരുന്ന തലശ്ശേരി കോടതിയിലും കൊവിഡ് പ്രവർത്തനം താളം തെറ്റിക്കുന്നു. മോട്ടോർ ആക്സിഡന്റ് ക്ലെയിം കോടതി ജഡ്ജ് കൊവിഡ് ചികിത്സയിലാണുള്ളത്. പോക്‌സോ സ്‌പെഷൽ കോടതിയിലെ ന്യായാധിപൻ ക്വാറന്റൈനിൽ കഴിയുകയാണ്. ഇവിടത്തെ ബെഞ്ച് ക്ലർക്കിന് രോഗബാധയുണ്ടായതിനെ തുടർന്നാണ് ജഡ്ജിന് നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്.
ജീവനക്കാരിൽ ചിലരും നിരീക്ഷണത്തിൽ കഴിയുകയാണ്. തുടർന്ന് 7വരെ പോക്‌സോ സ്‌പെഷൽ കോടതിയിൽ സിറ്റിംഗ് ഉണ്ടാവില്ല. കൊവിഡ് വ്യാപന ഭീഷണി മിക്ക കോടതികളുടെയും ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്. വേനലവധി കാരണം ഏതാനും കോടതികൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ.
പൂട്ടിയ കോടതികൾ മേയ് പകുതി കഴിഞ്ഞാലേ തുറക്കുകയുള്ളൂ. അടച്ച കോടതികളുടെ പകരം ചുമതലയുള്ള പ്രധാന കോടതികളിലും സമ്പർക്ക ഭീഷണി കാരണം ജീവനക്കാരെ ഒഴികെ മറ്റാരേയും പ്രവേശിപ്പിക്കുന്നില്ല. ഇവിടെ ന്യായാധിപരും ജീവനക്കാരിൽ ഏറിയ പങ്കും വാക്സിൻ സ്വീകരിച്ചവരാണ്. കനത്ത ജാഗ്രത ഏർപ്പെടുത്തിയ കോടതികൾക്കുള്ളിലേക്ക് കൊവിഡ് കടന്നു കയറിയതാണ് എല്ലാവരിലും ആശങ്ക പടർത്തുന്നത്.