മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ രണ്ടു വർഷം മുമ്പ് പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡിന്റെ പുനർനിർമാണം എങ്ങുമെത്തിയില്ല. പുഴയുടെ അരകിൽ സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും ഒരു മാസത്തോളമായി പണി നിർത്തിവച്ചിരിക്കുകയാണ്. പുഴയോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ അടിത്തറയുടെ വാർപ്പ് മാത്രമാണ് പൂർത്തിയായത്. മഴയ്ക്ക് മുമ്പായി നിർമാണം പൂർത്തിയായില്ലെങ്കിൽ റോഡ് പൂർണമായി ഇടിഞ്ഞ് പുഴയിലേക്ക് താഴുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ തന്നെ മണ്ണും പണിക്കായി ഇറക്കിയ കരിങ്കല്ലും മറ്റും പുഴയിലേക്ക് ഒഴുകിയിട്ടുണ്ട്. പ്രവൃത്തിക്കായി മണ്ണെടുത്ത സ്ഥലത്ത് വൻകുഴി രൂപപ്പെട്ടിട്ടുണ്ട്.
മട്ടന്നൂർ- മണ്ണൂർ- മരുതായി റോഡിന്റെ നവീകരണ പ്രവൃത്തിക്കിടെയാണ് രണ്ടു വർഷം മുമ്പ് കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. നായിക്കാലി പാലത്തിന് സമീപം നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നിരുന്നു. ഗതാഗതം റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമാക്കി നിയന്ത്രിച്ചിരിക്കുകയാണ്. പുഴയിലെ വെള്ളം കൂടുന്നതനുസരിച്ച് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിയാൻ തുടങ്ങും.
ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നതിനാൽ റോഡിന്റെ മറുഭാഗത്തു കൂടി മാത്രമാക്കി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ലോറി പോലുള്ള വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു. മഴക്കാലം തുടങ്ങിയാൽ ഇതുവഴി ഗതാഗതം കൂടുതൽ അപകടകരമാകും. മട്ടന്നൂർ-മണ്ണൂർ റോഡിന്റെ നിർമാണ പ്രവൃത്തി വൈകിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ മട്ടന്നൂർ നഗരസഭാ ഓഫീസ് വരെയുള്ള ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. നായിക്കാലി, ഹരിപ്പന്നൂർ എന്നിവിടങ്ങളിലാണ് നിർമാണ പ്രവൃത്തിക്കിടെ റോഡ് തകർന്നത്. പ്രവൃത്തിയിലെ അപാകമാണ് റോഡ് തകരാൻ ഇടയാക്കിയതെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിജിലൻസിന്റെ പരിശോധനയും നടത്തിയിരുന്നു.