സുൽത്താൻ ബത്തേരി: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവോ മിത്രമോ ഇല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് വയനാട്ടിലെ മണ്ഡലങ്ങൾ. കഴിഞ്ഞ തിരഞ്ഞടുപ്പിലെ എതിരാളികൾ ഇത്തവണ ഒന്നിച്ച് നിന്ന്‌ വോട്ട്‌ ചോദിക്കുന്നു. കൽപ്പറ്റ, ബത്തേരി മണ്ഡലങ്ങളിലാണ് ഈ കാഴ്ച.
കൽപ്പറ്റ മണ്ഡലത്തിൽ കഴിഞ്ഞ തവണ മൽസരിച്ച് ജയിച്ച ഇടതു മുന്നണിയുടെ സി.കെ.ശശീന്ദ്രന്റെ എതിരാളിയായിരുന്ന എം.വി.ശ്രേയാംസ്‌കുമാറാണ് ഇത്തവണ അവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. ബത്തേരിയിൽ 2011-ൽ കോൺഗ്രസിലെ ഐ.സി.ബാലകൃഷ്ണനെതിരെ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മൽസരിച്ച ഇ.എ.ശങ്കരൻ പാർട്ടി മാറി ഐ.സി.ബാലകൃഷ്ണന്‌ വേണ്ടി പ്രവർത്തിക്കുന്നു.
ബത്തേരിയിൽ ശങ്കരനെതിരെ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഐ.സി.ബാലകൃഷ്ണന്റെ വിജയം. കൽപ്പറ്റയിൽ ശ്രേയാംസിനെതിരെ സി.കെ.ശശീന്ദ്രന്റെ ഭൂരിപക്ഷം 13083 വോട്ടിന്റേതായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്ന എൽ.ജെ.ഡി ഇടതുമുന്നണിയുടെ ഭാഗമായി മാറിയതോടെയാണ് ഇത്തവണ കൽപ്പറ്റ സീറ്റിൽ മൽസരിക്കാൻ ശ്രേയാംസിന് തന്നെ അവസരം ലഭിച്ചത്. കഴിഞ്ഞ തവണത്തെ എതിരാളിയായ സി.കെ.ശശീന്ദ്രൻ ശ്രേയാംസിന്‌വേണ്ടി വോട്ട് ചോദിക്കുന്നു.

കഴിഞ്ഞ തവണത്തെ രാഷ്ട്രീയ എതിരാളികൾ പലരും മുന്നണി മാറിയതോടെ മിത്രങ്ങളാകുകയും കഴിഞ്ഞ തവണത്തെ മിത്രങ്ങൾ എതിരാളികളായി മാറുകയും ചെയ്തു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് പി.കെ.അനിൽകുമാർ, സുജയ വേണുഗോപാൽ എന്നിവർ മുന്നണി മാറി ഇടതുപക്ഷത്തെത്തി ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ്.

ബത്തേരി മണ്ഡലത്തിലാണ് മുന്നണി മാറ്റം കാര്യമായി നടന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി.റോസക്കുട്ടി പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കുന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്.വിശ്വനാഥനാണ് ഇവിടെ ഇടതു സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ഒന്നിച്ച് നിന്ന് പ്രവർത്തിച്ചവരാണ് പി.കെ.അനിൽകുമാറും ശ്രേയാംസും എം.എസ്.വിശ്വനാഥനും റോസക്കുട്ടിയും. ശ്രേയാംസും വിശ്വനാഥനും സ്ഥാനാർത്ഥികളായതോടെ ഇവരുടെ വിജയത്തിനായി അനിൽകുമാറും റോസക്കുട്ടിയും ഇറങ്ങുകയും ചെയ്തു.
ഐ.സി.ബാലകൃഷണനോട് 2011-ൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഇ.എ.ശങ്കരൻ ഐ.സി.ബാലകൃഷ്ണന്റെ വിജയത്തിന്‌വേണ്ടി പ്രവർത്തിക്കുന്നു.