കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കളക്ടർ എസ്. സാംബശിവ റാവുവിന്റെ ഔദ്യോഗിക വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞും അടിച്ചും തകർത്ത യുവാവ് പിടിയിലായി. കളക്ടറേറ്റിൽ നിറുത്തിയിട്ട കാറിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. പ്രതി എടക്കാട് കളപ്പുറത്ത് വീട്ടിൽ പ്രമോദിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി നടക്കാവ് സി.ഐ. ഷാജി പട്ടേരി പറഞ്ഞു.
ഇന്നലെ രാവിലെ 10. 20നാണ് സംഭവം. കളക്ടറേറ്റിലുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തിയ ജീവനക്കാരും ചേർന്ന് പ്രമോദിനെ പിടികൂടുകയായിരുന്നു. കൃത്രിമ വോട്ടർപട്ടിക ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു ആക്രമണം. കല്ല് തോർത്തിൽ കെട്ടി കൊണ്ടുവന്നതായിരുന്നു ഇയാൾ.
ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പ്രമോദ് വോട്ടിംഗ് മെഷീൻ അടിച്ചു തകർത്തിരുന്നു. എടക്കാട് യൂണിയൻ എൽ.പി സ്‌കൂളിലെ 13-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. പുതിയ വോട്ടിംഗ് മെഷീൻ എത്തിച്ച ശേഷം രാത്രിയാണ് വോട്ടിംഗ് പുന:രാരംഭിച്ചത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതിനും പോസ്റ്റർ പതിച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.