
കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് നിട്ടൂർ ജുമാ മസ്ജിദിന് സമീപത്തെ നരിക്കോട്ട് അബ്ദുള്ള മുപ്പത്തിരണ്ട് വർഷത്തിനു ശേഷം സ്വന്തം നാട്ടിൽ കാലു കുത്തി. ഇത്രയും കാലം കാസർകോട് ഭാഗത്ത് പള്ളികളിലും മറ്റും താമസിച്ച് നാടൻ മരുന്നുകളും മറ്റും വില്പപന നടത്തിയായിരുന്നു ഇദ്ദേഹം ജീവിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാഞ്ഞങ്ങാട്ടുള്ള പാറപ്പള്ളിൽ അവശനിലയിൽ കണ്ട ഇദ്ദേഹത്തെ പ്രദേശവാസികൾ വീട്ടിൽ എത്തിക്കുകയായിരുന്നു.
ഇളയ മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ ആണ് അബ്ദുള്ള നാട് വിട്ടത്. അബ്ദുള്ളയുടെ പിതാവ് നരിക്കോട്ട് കുഞ്ഞമ്മദും മാതാവ് ചിറ്റരിക്കൽ കുഞ്ഞായിഷയും നേരത്തെ മരണപ്പെട്ടിരുന്നു. ഭാര്യ വടയത്തെ നീളംകുനി പാത്തു. മക്കൾ: നജ്മ, നസീമ. ഇദ്ദേഹം നാട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വീട്ടിൽ ഓടിയെത്തി. അവശതയിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്ത് നോക്കി പേര് പറഞ്ഞു വിളിച്ചപ്പോൾ കണ്ട് നിന്നവർക്ക് സന്തോഷത്തിന്റെ കണ്ണീർ.
മകൾ നസീമ വാപ്പയെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു. പാർക്കിസൺ രോഗത്തിന് ചികിത്സയിലാണ് അറുപത്തിയൊൻപതുകാരനായ അബ്ദുദുള്ള ഇപ്പോൾ.