കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായ എലത്തൂരിന് ഇത്തവണ വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നത് യു.ഡി.എഫിലെ പൊരിഞ്ഞ തർക്കത്തിലൂടെയാണ്. എൽ.ഡി.എഫ് വിട്ടുവന്ന മാണി സി. കാപ്പന്റെ എൻ.സി.കെയ്ക്ക് പാലായ്ക്ക് പുറമെ എലത്തൂർ കൂടി സമ്മാനിച്ചതോടെ കോൺഗ്രസിലുണ്ടായ പരസ്യ കലാപം ദിവസങ്ങളോളം പുകഞ്ഞുനീറുകയായിരുന്നു. വൈകിയാണെങ്കിലും തീരുമാനത്തിന് മാറ്റമില്ലാതെ പ്രശ്നം ഒതുക്കിതീർക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.
ഇവിടെ മൂന്നാംതവണ ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ പ്രചാരണത്തിൽ ഏറെ മുന്നിലെത്തിയിരുന്നു. വിവാദങ്ങൾക്ക് വിരാമമായതിനു പിറകെ യു.ഡി.എഫിന്റെ സുൽഫിക്കർ മയൂരിയും പ്രചാരണത്തിൽ മുന്നേറിയിട്ടുണ്ട്. കാര്യമായ അടിത്തറയുള്ള മണ്ഡലത്തിൽ യു.ഡി.എഫിലെ അസ്വാരസ്യങ്ങൾ കൂടി മുതലെടുത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി യുടെ ടി.പി ജയചന്ദ്രൻ.
മണ്ഡല പുനർനിർണയത്തിനു ശേഷം ഇവിടെ രണ്ട് തവണ തുടർച്ചയായി വിജയം കൊയ്തെന്ന മേൽക്കൈയുണ്ട് എ.കെ. ശശീന്ദ്രന്. 2011 ൽ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അദ്ദേഹം 2016 ൽ ലീഡ് ഇരട്ടിയോളം ഉയർത്തി. കഴിഞ്ഞ തവണ 29,057 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ പക്ഷേ, എലത്തൂരും എൽ.ഡി.എഫിനെ കൈവിടുകയാണുണ്ടായത്. എം.കെ. രാഘവന് ഇവിടെ 103 വോട്ടിന്റെ ലീഡ് നേടാനായി. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞു.
മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് കോർപ്പറേഷനിലെ ആറ് ഡിവിഷനുകളിൽ എലത്തൂരിൽ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, പുതിയാപ്പ ഡിവിഷനുകൾ എൽ.ഡി.എഫ് നേടി. ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളിൽ ചേളന്നൂർ ഒഴിച്ച് മറ്റിടങ്ങളിലൊക്കെയും എൽ.ഡി.എഫിനാണ് ഭരണം.
നാടിനു വേണ്ടി,
നാട്ടുകാരനായി
ഉച്ച കഴിഞ്ഞ് രണ്ടരയായപ്പോഴേക്കും കോട്ടൂപ്പാടത്തെ ചുവപ്പണിഞ്ഞ സ്വീകരണ കേന്ദ്രത്തിലേക്ക് അമ്മൂമ്മമാരടക്കം സ്ത്രീകളും കുട്ടികളും എത്താൻ തുടങ്ങി. മൂന്നു മണിയായപ്പോഴേക്കും ഇരിപ്പിടങ്ങൾ നിറഞ്ഞു. 3. 15 നു ആൾക്കൂട്ടത്തിനിടയിലേക്ക് എലത്തൂരിന്റെ സ്വന്തം ശശീന്ദ്രൻ എത്തി. മുദ്രാവക്യങ്ങൾ നാലുപാടും മുഴങ്ങി. പത്താം ക്ലാസ്സുകാരൻ സച്ചിൻ മുദ്രാവാക്യം വിളിക്കാൻ മുന്നിൽ തന്നെ. ആ ആവേശം കണ്ട് ഒന്നുകൂടി എന്നായി ശശീന്ദ്രൻ. അതോടെ ഇരട്ടി ആവേശത്തിലായി മുദ്രാവാക്യം വിളി.
അഞ്ചു ർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞതാണ് എൽ.ഡി.എഫ് പ്രചാരണത്തിന് ആക്കം കൂട്ടുന്നത്. ബതീരൂർ വെസ്റ്റ്, മക്കട കുന്ന്, കരിപ്പാ കടവ്, കമല കുന്ന്, എരകുളം, മുട്ടോളി , തറക്കാട്ടിൽ തുടങ്ങിയ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെത്തി.
വിട്ടുകൊടുക്കില്ല
ഇത്തവണ
വൈകി ഓട്ടം തുടങ്ങിയതാണെങ്കിലും പ്രചാരണ പരിപാടികൾക്ക് സമയം തെറ്റാതെ എത്തുന്നുണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഇന്നാട്ടുകാരനായി മാറിയ ഇദ്ദേഹം മണ്ഡലത്തെ അടുത്തറിഞ്ഞ് കാര്യകാരണ സഹിതമാണ് വോട്ട് തേടുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 8 മണിയ്ക്ക് പട്ടർപാലത്തായിരുന്നു പ്രചാരണത്തിന്റെ തുടക്കം. സ്വീകരിക്കാനും ഹാരമണിയിക്കാനും മുന്നണി പ്രവർത്തകരുടെ തിക്കും തിരക്കും.
ഫുട്ബാൾ ചിഹ്നത്തിൽ വോട്ട് ചെയ്ത് സുൽഫിക്കർ മയൂരിയെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി പൈലറ്റ് വാഹനം മുന്നിലായുണ്ട്. അന്നശ്ശേരി, പരവനാരി കോളനി, ചോയികുളം, കോഴിയോട്ട് താഴം, വി.കെ റോഡ്, അണ്ടിക്കോട്, പാവയിൽ, പറമ്പത്ത്, പടന്നകളം, നാലുവയൽ, കച്ചേരി, മുക്കംകടവ് തുടങ്ങിയ കേന്ദ്രങ്ങൾ കൂടി പിന്നിട്ടായിരുന്നു സമാപനം.
താമര വിരിയിക്കാൻ
കണക്കുമാഷ്
നാടിനെ നന്നായി അറിയുന്ന, നാടിന്റെ ആവശ്യങ്ങൾ അറിയുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.ജയചന്ദ്രന് ജനപിന്തുണയുടെ കാര്യത്തിൽ തരിമ്പും ആശങ്കയില്ല. 30 വർഷത്തെ അദ്ധ്യാപകവൃത്തിയ്ക്കിടയ്ക്ക് നേടിയെടുത്ത ശിഷ്യസമ്പത്ത് ചെറുതല്ല. ഓരോ വീട്ടിലും പേരു വിളിച്ച് കയറിച്ചെല്ലാൻ ഒരു ശിഷ്യനെങ്കിലുമുണ്ടെന്ന മെച്ചമുണ്ട് ഈ കണക്ക് മാസ്റ്റർക്ക്.
നിലവിൽ ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റാണ് ഇദ്ദേഹം. രാഷ്‌ട്രീയഭേദമന്യേ നാട്ടുകാർക്ക് പ്രിയങ്കരൻ. പര്യടനത്തിനിടെ പർദ്ദയിട്ട പെൺകുട്ടി ഓടി വന്ന് മാഷേ എന്നു പറഞ്ഞു കൈപിടിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കോളനി സന്ദർശനവേളയിൽ ഓരോ വീടും കയറുന്നുണ്ട് സ്ഥാനാർത്ഥി. മാവിലകുന്ന് കോളനി, ഇരിങ്ങത്ത് മീത്തൽ കോളനി, ഖാദി ഗ്രാം, ആശാ ഗ്രാമം, രാജീവ് ഗാന്ധി കോളനി, കുന്നുമ്മൽ കോളനി തുടങ്ങിയ ഇടങ്ങളിലെല്ലാം ഇദ്ദേഹം എത്തിയിരുന്നു.
''കഴിഞ്ഞ പത്ത് വർഷമായി ഈ മണ്ഡലത്തിന്റെ പ്രതിനിധിയായ എന്നെ നാട്ടുകാർക്ക് നന്നായി അറിയാം. ഞാൻ അവരിലൊരാളായി എപ്പോഴും ഒപ്പമുണ്ട്. എൽ.ഡി.എഫിന്റെ ഭരണനേട്ടങ്ങൾ എടുത്തു പറയേണ്ടതില്ലല്ലോ. ന്യായമായ ആവശ്യങ്ങളുമായി എന്നെ സമീപിച്ച എല്ലാവർക്കും ഞാൻ സഹായങ്ങൾ ചെയ്തിട്ടുണ്ട്. എനിക്ക് തന്ന വിശ്വാസത്തിനും സ്നേഹത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ല. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇത്തവണ എലത്തൂരിലെ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
എ.കെ ശശീന്ദ്രൻ,
എൽ.ഡി.എഫ്
'' എലത്തൂർ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രതിനിധികൾ വരെ എനിക്ക് ഹാരമണിയിച്ചു. കാരണം, അവർക്ക് മുന്നണി സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നതു തന്നെ. പത്തു വർഷമായി ഇവിടെ പ്രത്യേകിച്ച് ഒരു വികസനവും നടന്നിട്ടില്ല. ഇടതുപക്ഷ അനുഭാവം വിട്ട് ഇത്തവണ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്നിച്ചിട്ടുണ്ട്. നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സുൽഫിക്കർ മയൂരി,
യുഡിഎഫ്
ഈ മണ്ഡലത്തിലെ വികസനം തുടങ്ങിയിടത്തു തന്നെയാണ്. എസ്.എൻ കോളേജിന്റെ മുകളിലായുള്ള ടാങ്കിൽ നിന്നു 170 മീറ്റർ നീളമുള്ള പൈപ്പ് ഘടിപ്പിക്കാൻ എം.എൽ.എ താല്പര്യം കാണിക്കാത്തതു കൊണ്ടു മാത്രം മുടങ്ങിയത് രണ്ടു പഞ്ചായത്തിലെ നൂറു കണക്കിന് ആളുകളുടെ കുടിവെള്ളമാണ്. ടൂറിസത്തിന് ഇവിടെ വലിയ സാദ്ധ്യതയുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താനായില്ല. പുതിയാപ്പ ഹാർബർ തിരിഞ്ഞുനോക്കാത്തതു കാരണം ചെളി കയറിയ നിലയിലായി. കോൺഗ്രസിലെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. മാറ്റം അനിവാര്യമാണ്. ഇത്തവണ താമര തന്നെ വിരിയും.
ടി.പി.ജയചന്ദ്രൻ,
എൻ.ഡി.എ