2
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടരഞ്ഞിയിൽ പ്രസംഗിക്കുന്നു

കൂടരഞ്ഞി: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രകടനപത്രികയിൽ പറഞ്ഞ ന്യായ് പദ്ധതി നടപ്പാക്കുമെന്നും അതിലൂടെ കേരളത്തിന്റെ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി.കൂടരഞ്ഞിയിൽ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക മേഖല ആകെ തകർന്ന അവസ്ഥയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വയനാടിന് അനുയോജ്യമായ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കി പുത്തനുണർവു സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദരിദ്ര്യകുടുംബങ്ങൾക്ക് പ്രതിമാസം 7000 രൂപ ലഭിക്കും. ഇപ്രകാരം ജനങ്ങളുടെ കയ്യിൽ പണമെത്തുമ്പോൾ അവരുടെ ക്രയശേഷി വർദ്ധിക്കും. കൂടുതൽ സാധനങ്ങൾ വാങ്ങുകയും അത് കൂടുതൽ ഉത്പാദനത്തിന് വഴിവയ്ക്കുകയും അങ്ങനെ നാട് പുരോഗതിയിലേയ്ക്ക് കുതിക്കുകയും ചെയ്യും. വയനാട് മെഡിക്കൽ കോളേജ് ബോർഡ് സ്ഥാപിച്ചതല്ലാതെ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപെടുത്തി. ഒന്നേകാൽ മണിക്കൂർ വൈകി എത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ആവേശം ചോരാതെ പ്രവർത്തകർ കാത്തു നിന്നു. കൂടരഞ്ഞി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ അദ്ദേഹത്തെ കാറിൽ പൊതുയോഗ സ്ഥലത്തേയ്ക്ക് ആനയിച്ചു.തുറന്ന വാഹനത്തിൽ സഞ്ചരിച്ച് റോഡ് ഷോ നടത്തുമെന്ന് അറിയിപ്പനുസരിച്ച് അനവധിയാളുകൾ റോഡിന്റെ ഇരുവശങ്ങളിലും കാത്തിരുന്നിരുന്നു.എന്നാൽ റോഡ് ഷോ ഉണ്ടായില്ല.സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദ്, കെ.സി.വേണുഗോപാൽ, താരീഖ് അൻവർ, യു. രാജീവൻ, സി.കെ.കാസിം, വി.കെ.ഹൃസ്സയിൻ കുട്ടി തുടങ്ങിയവരും ഉണ്ടായിരുന്നു.