mk-raghavan-

കോഴിക്കോട്: സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടാണ് വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതെന്ന് എം.കെ. രാഘവൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 13 മണ്ഡലങ്ങളിലായി ഇതുവരെ 64,007 ഇരട്ടവോട്ടുകളാണ് കണ്ടെത്താനായത്. വോട്ടർപട്ടികയിലുള്ള 8,375 പേരുടെ വിലാസം കണ്ടെത്താനോ ആളെ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. ഇരട്ടവോട്ടുകൾ സംബന്ധിച്ച് പരാതി നൽകിയിട്ടും ജില്ലാഭരണകൂടത്തിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല.

കള്ളവോട്ടിനെതിരെ സി.പി.എം ഒരക്ഷരം മിണ്ടിയിട്ടില്ലല്ലോ. ജനവികാരം എതിരാണെന്നു കണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജയം നേടാനുള്ള ശ്രമമാണ്. എൻ.ജി.ഒ യൂണിയൻ പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരിൽ നല്ലൊരു പങ്കും.

കോഴിക്കോട് നോർത്തിലെ 60ാം ബൂത്തിൽ മരിച്ചയാളുടെ പേരിലുമുണ്ട് വോട്ട്. ഇതിനായി പോസ്റ്റൽ ബാലറ്റ് ഒപ്പിട്ടു വാങ്ങിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കും. പോസ്റ്റൽ ബാലറ്റുകൾ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കാത്തത് ഒളിച്ചുകളിയാണ്. ചരിത്രകാരൻ ഡോ.എം.ജി.എസ് നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് ചെയ്ത ബി.എൽ.ഒയ്ക്കെതിരെ നടപടി ഉണ്ടായിട്ടില്ല.

ഇരട്ട വോട്ടുകൾ കൂടുതലുള്ള ഇടങ്ങളിൽ വെബ് കാമറയും കേന്ദ്ര സേനയുടെ നിരീക്ഷണ സംവിധാനവും ഉറപ്പാക്കണം. പോളിംഗിന് ബയോമെട്രിക് സംവിധാനം ഉപയോഗിക്കുകയോ ഇലക്‌ഷൻ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുകയോ ചെയ്താൽ കള്ളവോട്ട് തടയാനാകും. ഇതിനായി പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും രാഘവൻ പറഞ്ഞു.