1
വില്യാപ്പള്ളിയിൽ എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ നടന്ന മഹിളാസംഗമം ഷൈനി ജോഷി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: പരസ്യപ്രചാരണത്തിന് രണ്ടുനാൾ ശേഷിക്കെ കുടുംബ സംഗമങ്ങളിലൂടെ വോട്ടുറപ്പിച്ച് മുന്നണികൾ. കുറ്റ്യാടി മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഇതിനകം നൂറിലധികം കുടുംബ സംഗമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള, എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.കുഞ്ഞമ്മദ് കുട്ടി, എൻ.ഡി.എ സ്ഥാനാർത്ഥി പി.പി മുരളി എന്നിവർ പര്യടനത്തിനിടെ കഴിയാവുന്ന കുടുംബ സംഗമങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കുടുംബ സംഗമങ്ങളും കുടുംബ യോഗങ്ങളും പ്രധാനമായും നടത്തുന്നത്. യു.ഡി.എഫ് പഞ്ചായത്തിലെ ബൂത്തുകൾ അടിസ്ഥാനമാക്കിയാണ് കുടുംബസംഗമങ്ങൾ വിളിച്ചു ചേർക്കുന്നത്. മണ്ഡലത്തിൽ ഇതിനകം ചെറുതും വലുതുമായ അമ്പതിലധികം കുടുംബ സംഗമങ്ങളാണ് യു.ഡി.എഫ് നടത്തിയത്. ഓരോ ബൂത്തിലെയും പത്തു മുതൽ ഇരുപത്തഞ്ച് വീടുകൾ വരെ കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ് കുടുംബ യോഗങ്ങൾ നടത്തുന്നത്. മണ്ഡലത്തിലെ ഓരോ ലോക്കൽ കേന്ദ്രീകരിച്ച് വിശാലമായ കുടുംബ സംഗമങ്ങളും ഇടതുമുന്നണി നടത്തി വരുന്നുണ്ട്. എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ മുന്നണിക്ക് സ്വാധീനമുള്ള മേഖലകളിൽ കുടുംബസംഗമങ്ങൾക്ക് പുറമെ മഹിളാ സംഗമങ്ങളും നടത്തി വരുന്നു. പരമാവധി വോട്ടർമാരെ ഒരിടത്ത് എത്തിച്ച് അവരുമായി സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നണികൾ കുടുംബ സംഗമങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വികസന നേട്ടങ്ങളും പ്രകടന പത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങളുമാണ് സംഗമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. സ്ഥാനാർത്ഥികളുടെ അഭാവത്തിൽ ഓരോ മുന്നണികളുടെയും ഉന്നത നേതാക്കന്മാരാണ് സംഗമങ്ങളിൽ സംസാരിക്കുന്നത്. ആളുകളെ ആകർഷിക്കാൻ പല സംഗമങ്ങളിലും കലാപരിപാടികൾക്ക് പുറമെ ഭക്ഷണവും ഒരുക്കുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ കുടുംബസംഗമങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.