img20220330
ലിൻേറാ ജോസഫ് (എൽ.ഡി.എഫ്)

മുക്കം: സിറ്റിംഗ് സീറ്റായ തിരുവമ്പാടിയിൽ എൽ.ഡി.എഫ് വാഴുമോ, വീഴുമോ എന്ന ചോദ്യം മുറുകുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതിനെയും 2011 ൽ വലതിനെയും മാറി മാറി പുണർന്ന തിരുവമ്പാടി ഇത്തവണ ആർക്കൊപ്പമെന്നത് പ്രവചനാതീതം. പുറമെ ശാന്തമെങ്കിലും തിരുവമ്പാടിയിൽ അടിയൊഴുക്ക് സജീവമാണ്. മണ്ഡലത്തിൽ സ്വാധീനമുള്ള വെൽഫെയർ പാർട്ടിയുടെയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ, പി.ഡി പി പാർട്ടികളുടെയും ഉൾവലിയൽ ദുരൂഹമാണ്, ഏതായാലും അടിയൊഴുക്കിൽ അടിപതറാതിരിക്കാൻ എൽ.ഡി.എഫും നേട്ടം കൊയ്യാനാവുമോ എന്ന നോട്ടത്തിൽ യു.ഡി.എഫും ശക്തമായ സാന്നിദ്ധ്യമാകാൻ എൻ.ഡി.എയും തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. കുടിയേറ്റക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും സ്വാധീനമുള്ള മണ്ഡലം ഒരുകാലത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായിരുന്നു. ഇടത്തോട്ട് ചാഞ്ഞു തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രവും മാറിമറഞ്ഞു.

ഇരുപത്തിയെട്ടുകാരനായ ലിന്റോ ജോസഫാണ് എൽ. ഡി. എഫ് സ്ഥാനാർഥി. വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കരുത്തും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പദവിയും കൈമുതലായുള്ള ലിന്റോ ജോസഫിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. അദ്ധ്യാപകനും അദ്ധ്യാപക സംഘടനയുടെ അമരക്കാരനുമായിരുന്ന സി.പി ചെറിയ മുഹമ്മദാണ് യു.ഡി.എഫ് സ്ഥാനാർഥി. യുവത്വവും പരിചയ സമ്പത്തും ഏറ്റുമുട്ടുമ്പോൾ ഇവ രണ്ടും സമ്മേളിച്ച ബേബി അമ്പാട്ടിലൂടെ വിജയം കൊയ്യാനാണ് എൻ.ഡി.എയുടെ ശ്രമം . ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത, മലയോര ഹൈവേ തുടങ്ങി അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ 200 കോടി രൂപയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫിന്റെ വോട്ടഭ്യർത്ഥന. അതേസമയം വികസനം വാഗ്ദാനത്തിലൊതുക്കി അഞ്ചു വർഷം കളഞ്ഞെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും പിണറായി സർക്കാരിന്റെ വികസന മരവിപ്പും പ്രചരിപ്പിച്ചാണ് എൻ.ഡി.എയുടെ വോട്ടുപിടുത്തം.

1977ൽ രൂപീകൃതമായ തിരുവമ്പാടി മണ്ഡലത്തിൽ സിറിയക് ജോണാണ് ആദ്യം ജയിച്ചു കയറിയത്. കോൺഗ്രസും മുസ്ലിം ലീഗും മാറി മാറി കൈവശം വച്ച മണ്ഡലം 2006ൽ കരുത്തനായ യുവ പോരാളി മത്തായി ചാക്കോയിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും ജോർജ് എം.തോമസിലൂടെ എൽ.ഡി.എഫ് മണ്ഡലം നിലനിർത്തി. എന്നാൽ 2011 ൽ മുസ്ലിം ലീഗിലെ സി.മോയിൻകുട്ടിയിലൂടെ യു.ഡി.എഫ് തിരുവമ്പാടി തിരിച്ചു പിടിച്ചു. 2016 ൽ 3008 വോട്ടിന് മുസ്ലിം ലീഗിലെ വി.എം ഉമ്മറിനെ പരാജയപ്പെടുത്തി ജോർജ് എം തോമസ് തിരുവമ്പാടിയെ വീണ്ടും എൽ.ഡി.എഫ് കൈകളിലെത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളം ചുകപ്പണിഞ്ഞപ്പോഴും കിഴക്കൻ മലയോര മേഖല യു.ഡി.എഫിനെ കൈവിട്ടില്ല. മണ്ഡലത്തിലുൾപ്പെട്ട തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, പുതുപ്പാടി പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പം നിന്നു. മുക്കം നഗരസഭയും കൂടരഞ്ഞി പഞ്ചായത്തും മാത്രമാണ് എൽ.ഡി.എഫിനെ തുണച്ചത്.

ശക്തമായ മത്സരമാണ് ഇത്തവണ തിരുവമ്പാടിയിൽ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ആയിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗവും എൽ.ജെ.ഡിയും എൽ.ഡി.എഫിൽ എത്തിയത് അവർക്ക് ഉയർന്ന ആത്മവിശ്വാസമാണ് നൽകുന്നത്. എന്നാൽ വെൽഫെയർ പാർട്ടിയുടെയും ചില മുസ്ലിം സംഘടനകളുടെയും രഹസ്യ പിന്തുണയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തിരുവമ്പാടി മണ്ഡലത്തിൽ നാലായിരത്തോളം വോട്ടുണ്ടെന്ന് കേരള കോൺഗ്രസ് മാണി വിഭാഗവും എൽ.ജെ.ഡിയും അവകാശപ്പെടുമ്പോൾ അതിലധികം വോട്ടുണ്ടെന്നാണ് വെൽഫെയർ പാർട്ടിയുടെ അവകാശ വാദം.

ആദ്യം വലത് കോട്ട, പിന്നെ ഇടത്തും വലത്തും

1977 ൽ കോൺഗ്രസിലെ സിറിയക് ജോൺ തിരുവമ്പാടിയുടെ ആദ്യ എം.എൽ.എയായി. 1980 ലും 1982 ലും നടന്ന തിരഞ്ഞെടുപ്പുകളിലും സിറിയക് ജോൺ തന്നെ വിജയിച്ചു. 1987ൽ കോൺഗ്രസിലെ പി.പി. ജോർജും 1991 ൽ മുസ്ലിം ലീഗിലെ എ.വി. അബ്ദുറഹിമാൻ ഹാജിയും തിരുവമ്പാടിയുടെ ജനപ്രതിനിധികളായി. 1996ൽ എ.വി. അബ്ദുറഹിമാൻ ഹാജി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2001 ൽ മുസ്ലിം ലീഗിലെ സി. മോയിൻ‌ കുട്ടി വിജയിച്ചു. 2006ൽ മത്തായി ചാക്കോയിലൂടെ തിരുവമ്പാടിയിൽ ആദ്യമായി ചെങ്കൊടി പാറി. മത്തായി ചാക്കോയുടെ നിര്യാണത്തെ തുടർന്ന് 2007ൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജോർജ് എം തോമസ് വിജയിച്ചു. 2011 ൽ സി. മോയിൻ കുട്ടിയിലൂടെ തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിച്ചു. ഒടുവിൽ 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജോർജ് എം തോമസ് തിരുവമ്പാടിയിൽ വീണ്ടും ചെങ്കൊടി നാട്ടി.

നിയമസഭ 2016

എൽ.ഡി.എഫ്- 62, 324

യു.ഡി.എഫ്- 59, 316

എൻ.ഡി.എ- 8749

ഭൂരിപക്ഷം - 3008

ലോക്‌സഭ 2019

യു.ഡി.എഫ് - 91152

എൽ.ഡി.എഫ് - 36681

എൻ.ഡി.എ- 7767

ഭൂരിപക്ഷം (യു ഡി എഫ്) 54471

തദ്ദേശ തിരഞ്ഞെടുപ്പ്

യു.ഡി.എഫ്- 70166

എൽ.ഡി.എഫ് - 63962

എൻ.ഡി.എ 5683

ഭൂരിപക്ഷം (യു.ഡി.എഫ്) 6204