accident

മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പൊന്നങ്കോടിന് സമീപം എടായ്ക്കൽ മുകൾ വളവിൽ ഗ്യാസ് ടാങ്കറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് കരൂർ പുതുർപ്പട്ടി നല്ലപ്പന്റെ മകൻ മുനിസ്വാമി (49) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ടോറസിന്റെ ഡീസൽ ടാങ്ക് പൊട്ടി തീ പടരുകയും ലോറി മുഴുവൻ കത്തിനശിക്കുകയുമായിരുന്നു. ടാങ്കറിന്റെ ക്യാബിനും പൂർണമായും അഗ്നിക്കിരയായി. ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. മണ്ണാർക്കാട്, കോങ്ങാട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ലോറിയിൽ കുടുങ്ങിയ ഡ്രൈവറുടെ കത്തികരിഞ്ഞ ജഡം മണിക്കൂറുകൾ പണിപ്പെട്ടാണ് അഗ്നിശമനസേനയും പൊലീസും ചേർന്ന് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 18 ടൺ ഗ്യാസാണ് ടാങ്കറിലുണ്ടായിരുന്നത്. മംഗലാപുരത്തു നിന്നും ഗ്യാസ് നിറച്ചുവരികയായിരുന്നു ടാങ്കർ ലോറി. തമിഴ്നാട്ടിൽ നിന്നും ഡോളോമേറ്റ് കയറ്റിപോവുന്ന ടോറസ് നിയന്ത്രണം വിട്ട് ടാങ്കറിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ നാല് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. രാവിലെ ഒമ്പതോടെയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.