കോഴിക്കോട്: വോട്ടെടുപ്പ് ദിവസം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബൂത്തുകളിൽ വിപുലമായ തയ്യാറെടുപ്പുകൾ. ശരീരോഷ്മാവ് പരിശോധിക്കാൻ ഓരോ പോളിംഗ് ബൂത്തിലും തെർമൽ സ്‌കാനിംഗ് ഉപകരണം ഉറപ്പു വരുത്തും. ബ്രേക്ക് ദ ചെയിൻ ഉറപ്പാക്കുന്നതിനായി ബൂത്തിൽ ഹാൻഡ് വാഷും സാനിറ്റൈസറും അടങ്ങിയ കിറ്റ് ഉണ്ടാവും. ഏതെങ്കിലും വോട്ടർ മാസ്‌ക്കില്ലാതെ വന്നാൽ വിതരണം ചെയ്യുന്നതിനായി മാസ്‌ക് കോർണർ ഓരോ ബൂത്തിലുമുണ്ടാവും. എൻ 95 മാസ്‌കുകൾ, അണുവിമുക്തമാക്കിയ ഗ്ലൗസുകൾ, ഫേസ് ഷീൽഡ്, ഹാൻഡ് സാനിറ്റൈസർ എന്നിവയടങ്ങിയ പ്രൊട്ടക്ഷൻ കിറ്റുകൾ പോളിംഗ് ഓഫീസർമാർ, പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് നൽകും.
ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പരിശീലനം ലഭിച്ച ആശാവർക്കർ, എൻ.സി.സി സ്റ്റുഡന്റ്, പൊലീസ് കേഡറ്റ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് പോളിംഗ് സ്റ്റേഷൻ പ്രവേശന കവാടത്തിലുണ്ടാവും. ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടുതലാണെങ്കിൽ വീണ്ടും പരിശോധിക്കും. അപ്പോഴും ശരീരോഷ്മാവ് കൂടിയ അളവിൽ തുടരുകയാണെങ്കിൽ ടോക്കൺ നൽകി പോളിംഗിന്റെ അവസാന മണിക്കൂറിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചു കൊണ്ട് വോട്ട് ചെയ്യാനെത്താൻ ആവശ്യപ്പെടും. ഇത്തരം സമ്മതിദായകർക്ക് അവർ വോട്ട് ചെയ്യാൻ വന്ന ക്രമത്തിൽ ടോക്കണുകൾ നൽകുന്നതിന് ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കുകയും ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കുകയും ചെയ്യും. ക്യൂവിൽ നിൽക്കുന്നവർ അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അകലം അടയാളപ്പെടുത്തി വയ്ക്കും.
എല്ലാ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സോപ്പും വെള്ളവും ലഭ്യമാക്കും. കൊവിഡ് 19 പ്രതിരോധമാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ ക്വാറന്റെനിൽ നിൽക്കുന്നവർക്ക് ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരമുണ്ടാകും. കൊവിഡ് രോഗികളും രോഗമുണ്ടെന്ന് സംശയിക്കുന്നവരും പി.പി.ഇ കിറ്റ്, ഹാൻഡ് ഗ്ലൗസ്, എൻ 95 മാസ്‌ക് എന്നിവ ധരിച്ചാൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളു.