വടകര: അക്രമമഴിച്ചുവിട്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ച തടയാമെന്നത് വ്യാമോഹം മാത്രമാണെന്ന് യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടയിൽ രണ്ട് അക്രമസംഭവങ്ങളാണുണ്ടായത്. ഇതിനു പിന്നിലുള്ള ശക്തികളെ പൊലീസ് വൈകാതെപിടികൂടുമെന്നു തന്നെയാണ് പ്രതീക്ഷ.

ഇരുട്ടിന്റെ മറവിലായിരുന്നു ആദ്യഅക്രമം. യൂണിയൻ സെക്രട്ടറിയുടെ വീടിനു നേരെ അക്രമം നടത്തിയ സാമൂഹ്യദ്രോഹികൾ വീട്ടുമുറ്റത്തു നിറുത്തിയ മകന്റെ കാറിന്റെ ചില്ലും തകർത്തു.

യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരന് നേരെ കഴിഞ്ഞ ദിവസം പട്ടാപ്പകലായിരുന്നു ആക്രമണം. സഹോദരനെ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേർ അദ്ദേഹത്തെ പട്ടിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

ശ്രീനാരായണീയർക്കു നേരെ ഇനിയും നീചമായ ആക്രമണത്തിനു മുതിരാത്ത വിധം ഈ രണ്ടു സംഭവങ്ങളിലും പ്രതികൾക്ക് ശിക്ഷ കിട്ടുന്നതു വരെ നിയമവഴിയിലൂടെ മുന്നോട്ടു നീങ്ങുമെന്ന് പി.എം.രവീന്ദ്രൻ വ്യക്തമാക്കി.