ഫറോക്ക്: ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.എ.മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ മഹിളാ സംഘടനകൾ നടത്തിയ മഹിളാ റാലി ഫറോക്ക് പട്ടണത്തെ ചെങ്കടലാക്കി. ചിഹ്നവും ചെങ്കൊടിയും വീശി ആകാശം പിളർക്കെ മുദ്രാവാക്യം മുഴക്കി മഹിളകൾ നടത്തിയ റാലി മീനച്ചൂടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയൊരാവേശമായി. വൈകീട്ട് 4 മണിക്ക് കടലുണ്ടി റോഡിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി പേട്ട വഴി ചുങ്കത്ത് സമാപിച്ചു. സമാപന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.കെ ഗീത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ ടി.കെ ഉഷാറാണി അദ്ധ്യക്ഷത വഹിച്ചു. യു.സുധർമ്മ, ടി.കെ ശൈലജ ടീച്ചർ , സരസു കൊടമന, ലൈല എന്നിവർ പ്രസംഗിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാസംഘം, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് , ഇന്ത്യൻ നാഷണൽ മഹിളാ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.