harassed

കോഴിക്കോട്: ഐ.ഐ.എമ്മിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ഉത്തർപ്രദേശ് സ്വദേശിനിയെ പീഡനത്തിനിരയാക്കിയതായി പരാതി. വ്യാഴാഴ്ചയാണ് സംഭവം. മുംബയ് സ്വദേശിയായ രണ്ടാം വർഷ വിദ്യാർത്ഥിക്കെതിരെ വിദ്യാർത്ഥിനി ഐ.ഐ.എം മേധാവിക്ക് പരാതി നൽകിയതോടെ വിവരം കുന്ദമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു. സീനിയർ വിദ്യാർത്ഥി ഒളിവിലാണ്.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പീഡനം നടന്നതായി ഇതിൽ വ്യക്തമായിട്ടുണ്ട്.

പ്രതിയെ പിടികൂടാൻ ഊർജ്ജിതാന്വേഷണം നടക്കുന്നുണ്ടെന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുജിത് കുമാർ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ഐ.ഐ.എം ആണ് കോഴിക്കോട്ടേത്. പകുതിയിലേറെയും പെൺകുട്ടികളാണ്. ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിൽ പ്രതിക്കെതിരെ സ്ഥാപനത്തിലും കർശന നടപടിക്കൊരുങ്ങുകയാണ് അധികൃതർ.