വടകര: ദിവസങ്ങളുടെ ആയുസ് പോലും ലഭിക്കാതെ മാലിന്യ ശേഖരണത്തിനായി ഒരുക്കിയ ഷെഡ് തകർന്നു. ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കച്ചേരി മൈതായിലെ ഷെഡാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ മരക്കൊമ്പു വീണ് തകർന്നത്. 24ന് രാത്രിയിലായിരുന്നു വേനൽ മഴയോടുകൂടി ശക്തമായ കാറ്റ് വീശി പരക്കെ നാശനഷ്ടങ്ങൾ ഉണ്ടായത്. എന്നാൽ ഇത്ര ദിവസം പിന്നിട്ടിട്ടും പുതുമ മായാത്ത ഷെഡിൽ വീണുകിടക്കുന്ന മരത്തടി എടുത്തു മാറ്റാൻ പോലും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്ന് പരിസരത്തുള്ളവർ പരാതിപ്പെടുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് ആയിരങ്ങൾ ചെലവഴിച്ച് കമ്പി വെൽഡ് ചെയ്ത് ഷെഡ് സ്ഥാപിച്ചത്. അലസമായി ഉപേക്ഷിക്കപ്പെടുന്ന കുടിവെള്ള ബോട്ടിലുകൾ സ്വരൂപിക്കാനുദ്ദേശിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. രണ്ടു ദിവസം കൊണ്ടു തന്നെ ഇതിൽ നിരവധി ബോട്ടിലുകൾ നിക്ഷേപിക്കപ്പെട്ടിരുന്നു. ഷെഡ് സ്ഥാപിച്ച് പിന്നീടങ്ങോട്ട് സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്.