കോളേരി: ചേലക്കൊല്ലി, കവലമറ്റം പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ചേലക്കൊല്ലി എസ്റ്റേറ്റ് കവാടത്തിന് മുന്നിലെ മരം വൈദ്യുതി ലൈനിന് മുകളിലേക്ക് കാട്ടാന കുത്തി മറിച്ചിട്ടു. രണ്ട് വൈദ്യുത തൂണുകളാണ് തകർന്നത്.
ഇതോടെ ഈ പ്രദേശത്തെക്കുള്ള വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസപ്പെട്ടു. കാട്ടാന ശല്യം ഈ ഭാഗത്ത് അതിരൂക്ഷമായി തുടരുകയാണ് സ്വകാര്യ എസ്റ്റേറ്റുകാർ ഇവിടെ വൈദ്യുത ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ മരങ്ങൾ കമ്പിക്ക് മുകളിൽ കൊണ്ടുവന്നിട്ട് വൈദ്യുത ബന്ധം വിഛേദിച്ചാണ് ആന നാട്ടിലിറങ്ങുന്നത്.
പകൽ സമയങ്ങളിൽ പോലും കാട്ടാന ശല്യം കാരണം ചേലക്കൊല്ലി -കവലമറ്റം ഭാഗങ്ങളിലെ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് . ആനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് വനപാലകർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയായിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.