ele

കോഴിക്കോട്: ഒരുമാസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്ന് പരിസമാപ്തിയാകുമ്പോൾ ഉച്ചഭാഷിണികളുടെയും കലാരൂപങ്ങളുടെയും അകമ്പടിയിൽ അണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കൊട്ടിക്കലാശം ഇക്കുറിയില്ല.

കൊവിഡ് വ്യാപന സാദ്ധ്യത മുന്നിൽ കണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കൊട്ടിക്കലാശത്തിന് വിലങ്ങിട്ടത്. അതെസമയം ഇലയ്ക്കും മുള്ളിനും കേടില്ലാതെ സമാപനം കൊഴുപ്പിക്കാനുളള തയ്യാറെടുപ്പിലാണ് മുന്നണികൾ. മാവോയിസ്റ്റ് ഭീഷണിയില്ലാത്ത പ്രദേശങ്ങളിൽ വൈകീട്ട് ഏഴുവരെ പ്രചാരണ സമയം നീട്ടിയതിനാൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രസംഗം, റാലി, ചെറിയ തോതിലുള്ള കലാപരിപാടികൾ എന്നിവ നടത്തി പ്രചാരണം അവസാനിപ്പിക്കാനാണ് തീരുമാനം.

സ്ഥാനാർത്ഥിയുടെ കരുത്തും ജനസ്വാധീനവും പ്രതിഫലിക്കുന്ന കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയതിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ മുറുമുറുപ്പുണ്ട്. ആയിരത്തിലധികം പേർ പങ്കെടുത്ത നിരവധി പൊതുസമ്മേളനങ്ങളും റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളും നടത്തിയപ്പോൾ ഇല്ലാതിരുന്ന നിയന്ത്രണം അവസാന മണിക്കൂറിൽ ഏർപ്പെടുത്തിയത് എന്തിനെന്ന ചോദ്യമാണ് നേതാക്കൾ ഉന്നയിക്കുന്നത്. പരസ്യ പ്രചാരണം അവസാനിച്ചു കഴിഞ്ഞാൽ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളും ഒഴിവാക്കണം. ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.

കൊട്ടിക്കലാശത്തിന് വിലക്കുണ്ടെങ്കിലും അവസാന ലാപ്പിൽ വോട്ട് പെട്ടിയിലാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും അണികളും. പ്രചാരണ വാഹനങ്ങളും റാലികളും ഫ്‌ളാഷ് മോബുകളുമായി ജനഹൃദയം ഇളക്കാൻ മുന്നണികൾ മത്സരിക്കുകയാണ്.


 സജ്ജമായി പൊലീസ് സേന

തിരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിന് ജില്ലയിൽ 7236 പൊലീസ് സേനയെയാണ് നിയോഗിച്ചിട്ടുള്ളത്. സിറ്റി പരിധിയിൽ 2417 പൊലീസുകാരെയും റൂറൽ പരിധിയിൽ 4417 പൊലീസുകാരെയും നിയോഗിച്ചു.

റൂറൽ പരിധിയിൽ 2435 ബൂത്തുകളാണുള്ളത്. 29 ക്രിട്ടിക്കൽ ബൂത്തുകളും 401 സെൻസിറ്റിവ് ബൂത്തുകളുമുണ്ട്. 852 കേന്ദ്രസേനാംഗങ്ങളെയും 1562 സ്പെഷ്യൽ പൊലീസുകാരുമുണ്ട്. 24 വീതം സ്റ്റാറ്റിക് സർവയലൻസ് ടീമും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും എക്‌സ്‌പെൻഡിച്ചർ ഫ്ലയിംഗ് സ്‌ക്വാഡും റൂറൽ പരിധിയിൽ നിരീക്ഷണത്തിന്റെ ഭാഗമായുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ ആന്റി നക്‌സൽ ടീമിനെയും വിന്യസിക്കും.

അഞ്ച് മണ്ഡലങ്ങളിൽ 1355 പോളിംഗ് ബൂത്തുകളിൽ 98 സെൻസിറ്റീവും 14 എണ്ണം ക്രിട്ടിക്കലുമാണ്. 232 കേന്ദ്രസേന ഉദ്യോഗസ്ഥരെയും 886 സ്‌പെഷ്യൽ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. 15 വീതം സ്ട്രാറ്റിക്
സർവയലൻസ് ടീമും ആൻഡി ഡിഫേമെന്റ് സ്‌ക്വാഡും എക്‌സ്‌പെൻഡിച്ചർ ഫ്ലയിംഗ് സ്‌ക്വാഡുമാണ് റൂറൽ പരിധി
യിൽ നിരീക്ഷണത്തിനുള്ളത്.