കോഴിക്കോട്: ഇവരുടെ ഭർത്താവിനെ ഇല്ലാതാക്കിയിട്ട് നിങ്ങൾ എന്തു നേടി? ഇവരുടെ മകനെ അനാഥമാക്കിയിട്ട് നിങ്ങൾ എന്ത് സമ്പാദിച്ചു? വടകര മണ്ഡലം യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ രമയെ അടുത്ത് വിളിച്ച് സദസിനെ മുൻനിർത്തി സി.പി.എമ്മിനോട് രാഹുൽ ഗാന്ധി ചോദിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളായ പാറക്കൽ അബ്ദുല്ല, കെ. പ്രവീൺ കുമാർ‌, ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ രമ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരി രാജാസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മുക്ത ഭാരതം എന്നാണ് പ്രധാനമന്ത്രി എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇടതുപക്ഷ മുക്ത കേരളം എന്ന് പറയാത്തത്? അതിന്റെ ഉത്തരം ഈ വേദിയിലുണ്ട്. കെ.കെ രമയാണ് ആ ഉത്തരം. എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ ഇല്ലാതാക്കിയത്? ഇവരെ വേദനിപ്പിച്ചതുകൊണ്ട് നിങ്ങൾ എന്തു നേടി? അവർ നിങ്ങളുടെ പാർട്ടി കുടുംബമായിരുന്നില്ലേ? - രാഹുൽ ചോദിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയം കേരളത്തിൽ വിജയിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പങ്കെടുത്തു.