പേരാമ്പ്ര: ആവേശം വിതറി പേരാമ്പ്ര മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി ടി. പി രാമകൃഷ്ണന്റെ
റോഡ് ഷോ. ഇന്നലെ മേപ്പയ്യൂരിൽ സംഘടിപ്പിച്ച റോഡ് ഷോ എൽ.ഡി.എഫിന്റെ ശക്തിപ്രകടനമായി മാറി. രാവിലെ 10 മണിയോടെ മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്നാണ് മേപ്പയൂരിനെ ചുവപ്പണിയിച്ച് റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. വൻ ജനാവലി അണിനിരന്ന റോഡ് ഷോ മേപ്പയ്യൂർ ജംഗ്ഷനിൽ അവസാനിച്ചു. വലിയ ചെങ്കൊടികളുമായാണ് പ്രവർത്തകർ പങ്കെടുത്തത്. വഴിയുടെ ഇരുവശങ്ങളിലും ജനങ്ങൾ ടി.പിയെ അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടി. മേപ്പയ്യൂർ ജംഗ്ഷനിൽ നടന്ന റാലിയിൽ ടി.പി സംസാരിച്ചു. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വേണ്ടി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
എൽ.ഡി.എഫ് നേതാക്കളായ കെ. കുഞ്ഞിരാമൻ, കെ. കെ ബാലൻ, യൂസഫ് കോറോത്ത്, എൻ. കെ.രാധ, കെ.ടി രാജൻ, കെ. രാജീവൻ, പി.പി രാധാകൃഷ്ണൻ, പി. ബാലൻ, ഇ. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.