niyas

കോഴിക്കോട്: ഒരുമാസത്തിലധികം നീണ്ടുനിന്ന പ്രചാരണത്തിന് സൂപ്പർ ക്ലൈമാക്സ് സമ്മാനിച്ചാണ് പരസ്യ പ്രചാരണത്തിന്റെ അവസാന രണ്ട് ദിനങ്ങൾ കടന്നുപോയത്. ദേശീയ താര നേതാക്കളെ രംഗത്തിറക്കി യു.ഡി.എഫും എൻ.ഡി.എയും ജില്ലയെ ഇളക്കി മറിച്ചപ്പോൾ മണ്ഡലം കേന്ദ്രീകരിച്ച് വിജയ തന്ത്രങ്ങൾ മെനയുകയായിരുന്നു എൽ.ഡി.എഫ്.

രാഹുൽ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പ്രകാശ് കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളെല്ലാം പ്രചാരണത്തിന് ഊർജം പകർന്നു.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എൽ.ഡി.എഫിന്റെ താര പ്രചാരകൻ. കേന്ദ്ര മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്ത പരിപാടികളിൽ ജനം ഒഴുകിയെത്തി.

പരമ്പരാഗത പ്രചാരണ രീതികൾക്ക് പുറമെ പുത്തൻ തന്ത്രങ്ങളെല്ലാം പരീക്ഷിക്കപ്പെട്ടു. സോഷ്യമീഡിയ പ്രചാരണ വിപ്ലവം തന്നെ സൃഷ്ടിച്ചു. റോഡ് ഷോയ്ക്കൊപ്പം ഡി.ജെയും കൂടി കലർത്തി പ്രചാരണത്തിന് പുത്തൻ മാനം നൽകി. സൈക്കിൾ റാലിയും റോളർ സ്കേറ്റിംഗ് റാലിയുമെല്ലാം തെരുവുകളെ സജീവമാക്കി. മോണിംഗ് വാക്കിന്റെ സാദ്ധ്യതകളും സ്ഥാനാർത്ഥികൾ പ്രയോജനപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ ലൈവായി സംസാരിക്കാനും സമ്മേളനങ്ങളും റോഡ് ഷോകളും പരമാവധി വോട്ടർമാരിലെത്തിക്കാനും സ്ഥാനാർത്ഥികൾ മത്സരിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് പുത്തൻ പരീക്ഷണങ്ങൾ മുന്നണികൾ കൂടുതലും പയറ്റിയത്.

പരമ്പരാഗത പ്രചാരണ രീതികളായ പോസ്റ്രർ പതിക്കൽ,​ ചുമരെഴുത്ത് എന്നിവയെല്ലാം ഇത്തവണയും സജീവമായി. വീടുകയറി പ്രചാരണത്തിനും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനും സ്ഥാനാർത്ഥികൾ പരമാവധി സമയം കണ്ടെത്തി. ചെറുതും വലുതുമായ സമ്മേളനങ്ങളും കുടുംബ യോഗങ്ങളും പതിവിലും കൂടുതലായിരുന്നു. വാഹന പ്രചാരണവും മണ്ഡലങ്ങളെ ഇളക്കിമറിച്ചു.

കൊട്ടിക്കലാശം വിലക്കിയെങ്കിലും ആവേശം ചോരാതെയായിരുന്നു മുന്നണികളുടെ അവസാന ദിവസ പ്രചാരണം.

തുടക്കത്തിൽ ഇടതുമുന്നണിയായിരുന്നു പ്രചാരണത്തിൽ മുന്നിൽ. എന്നാൽ അവസാന ലാപ്പിലെത്തിയതോടെ യു.ഡി.എഫ് ഒപ്പത്തിനൊപ്പമെത്തി. ശക്തമായ പോരാട്ടം നടത്തുന്ന മണ്ഡലങ്ങളിൽ ഇരുമുന്നണികളെയും അതിശയിപ്പിക്കുന്ന പ്രചാരണമാണ് എൻ.ഡി.എ നടത്തിയത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെയും രാഹുൽ ഗാന്ധിയായിരുന്നു താരം. കോഴിക്കോട് ബീച്ചിൽ നടത്തിയ റോഡ് ഷോ വലിയ ആവേശത്തോടെയാണ് യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുത്തത്.