കോഴിക്കോട്: നാടിളക്കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ടില്ലാതെ സമാപനം. ഇനിയുള്ള മണിക്കൂറുകൾ നെഞ്ചിടിപ്പിന്റെ നിശബ്ദ പ്രചാരണം. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൊട്ടിക്കലാശം വിലക്കിയെങ്കിലും അവസാന ലാപ്പിലും പ്രചാരണം ഹൈവോൾട്ടേജിലായിരുന്നു. വ്യത്യസ്ത പരിപാടികളിലൂടെ കലാശക്കൊട്ടിന്റെ കുറവ് നികത്താൻ പ്രവർത്തകരും അനൗൺസ്മെന്റ് വാഹനങ്ങളും നിരത്തിൽ സജീവമായിരുന്നു.
കേന്ദ്രീകൃത പ്രചാരണം നിരോധിച്ചതോടെ സ്ഥാനാർത്ഥികൾ രാവിലെ മുതൽ വാർഡുകളിൽ വോട്ടഭ്യർത്ഥിച്ചെത്തി. വീടുകൾ കയറി വോട്ടുതേടാനും സമയം കണ്ടെത്തി. കുടുംബയോഗങ്ങളും വ്യാപകമായി നടന്നു. ആർഭാടം കുറച്ച് ബൂത്ത് കേന്ദ്രങ്ങളിൽ പ്രചാരണ സമാപന പരിപാടികളും സ്ഥാനാർഥികളുടെ റോഡ് ഷോകളും ഉണ്ടായി. ചിലയിടങ്ങളിൽ ബലൂണുകൾ ഉയർത്തിയും ബാൻഡ് മേളത്തിന്റെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെയും മുദ്രാവാക്യം വിളിച്ചു. ഫ്ലാഷ് മോബുകളും അരങ്ങേറി. മാവോയിസ്റ്റ് ഭീഷണിയില്ലാത്ത പ്രദേശങ്ങളിൽ വൈകീട്ട് ഏഴു മണിയോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. നിശബ്ദ പ്രചാരണത്തിന് കൂടുതൽ പ്രവർത്തകരെ രംഗത്ത് ഇറക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.
ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. എ. മുഹമ്മദ് റിയാസ് പ്രചരണത്തിന്റെ അവസാന ദിനത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനുളള ഒരുക്കത്തിലാണ്.
ഇന്നലെ റിയാസിന്റെ മണ്ഡല പര്യടനം റോഡ് ഷോയോടെ അവസാനിച്ചു. ചെറുവണ്ണൂർ ബി.സി. റോഡുവഴി ബേപ്പൂർ അങ്ങാടി ചുറ്റിയാണ് റോഡ് ഷോ ആരംഭിച്ചത്. അരീക്കാട്, നല്ലളം, ചെറുവണ്ണൂർ, രാമനാട്ടുകര, പെരുമുഖം, മണ്ണൂർ, കടലുണ്ടി, ചാലിയം വഴി ഫറോക്കിൽ സമാപിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി. കെ സജീവന്റെ പ്രചാരണം ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ സമാപിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി റോഡിനിരുവശത്തു നിന്ന വോട്ടർമാരെ കൈവീശി അഭിവാദ്യം ചെയ്തു. ഇന്നലെ രാവിലെ ഒളവണ്ണയിലെ കുടുംബ സംഗമത്തിലാണ് ആദ്യമെത്തിയത്. പന്തീരാങ്കാവിലെ മാമ്പുഴക്കാട്ട് കോളനി സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് പാലാഴിയിൽ റോഡ് ഷോയ്ക്ക് തുടക്കമിട്ടു. പുത്തൂർമഠം, പെരുമണ്ണ,പൂവാട്ടുപറമ്പ്, പെരുവയൽ, മാവൂർ, ചാത്തമംഗലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. തിരുവമ്പാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫിന്റെ റോഡ് ഷോ ശനിയാഴ്ച എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഇന്നലെ നടന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദിന്റെ റോഡ് ഷോ മലപ്പുറം ജില്ലാതിർത്തിയായ എരഞ്ഞിമാവിൽ നിന്ന് തുടങ്ങി മുക്കത്ത് സമാപിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിന്റെ റോഡ് ഷോ മുക്കം നഗരസഭയിലെ കച്ചേരിയിൽ നിന്ന് തുടങ്ങി അഗസ്ത്യൻമുഴിയിൽ സമാപിച്ചു. വടകര മണ്ഡലം ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ രമയുടെ റോഡ് ഷോ വടകര സഹകരണ ആശുപത്രി പരിസരം, കളരിയുള്ളതിൽ ക്ഷേത്രം, അരവിന്ദഘോഷ് റോഡ്, പാലയാട്ട് നട, ജെ.എൻ. എം സ്കൂൾ ഭാഗം, പണിക്കോട്ടി സഫ്ദർ ഹാശ്മി നഗർ, പണിക്കോട്ടി, മേപ്പയിൽ, പുതിയാപ്പ്, അടക്കാത്തെരു, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ ഓർക്കാട്ടേരി ടൗണിൽ വോട്ടഭ്യർത്ഥന നടത്തി.