കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കത്തിക്കയറുന്ന കൊട്ടിക്കലാശം ഒഴിവായപ്പോൾ യു.ഡി.എഫ് പക്ഷത്ത് ഇരട്ടി ആവേശം പകരുന്നതായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. അവസാന മണിക്കൂറിലേക്ക് കടക്കുംമുമ്പുള്ള റോഡ് ഷോ ബീച്ച് പരിസരം ഇളക്കിമറിക്കുന്നതായി മാറി.
കടുത്ത വേനലിന്റെ ചൂട് വകവെക്കാതെ ബീച്ച് റോഡും പരിസരവും ഉച്ചയോടെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥി കെ.എം അഭിജിത്ത്, സൗത്ത് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. നൂർബിന റഷീദ്, ബേപ്പുർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.പി.എം നിയാസ് എന്നിവർക്ക് വോട്ട് അഭ്യർത്ഥിക്കാനായിരുന്നു രാഹുലിന്റെ വരവ്. ഉച്ചയ്ക്ക് ഒന്നരയോടെ എത്തുമെന്ന പ്രതീക്ഷയിൽ രാഹുലിനെ വരവേൽക്കാൻ കോൺഗ്രസ്, മുസ്ലിം ലീഗ് അണികൾ ബാൻഡ് മേളവുമൊക്കെയായി പുതിയകടവിൽ ഒരുങ്ങിനിന്നിരുന്നു. പച്ച നിറത്തിലുള്ള മാസ്കും ഷർട്ടും ധരിച്ച് കുട്ടിപ്പട്ടാളവും കാത്തുനിന്നു. ഒന്നരയോടെ വെസ്റ്റ് ഹിൽ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും സ്ഥലം മാറി എത്തിയത് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലായി. അവിടെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല. പരിസരത്തുണ്ടായിരുന്ന പൊലീസുകാർ രാഹുൽ ഗാന്ധിയെ പുതിയ കടവിൽ എത്തിക്കാൻ തയ്യാറായെങ്കിലും സർക്കാർ വാഹനത്തിൽ കയറില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഹെലികോപ്ടർ ഇറങ്ങുന്നത് കണ്ടു വഴിയോരത്ത് നിറുത്തിയ നിർത്തിയ സുബീഷിന്റെ ശ്രീവളയനാട് അമ്മ എന്ന ഇലക്ട്രിക് ഓട്ടോയിലായി പുതിയകടവിലേക്കുള്ള രാഹുലിന്റെ യാത്ര. തുറന്ന വാഹനത്തിൽ കനത്ത സുരക്ഷാവലയത്തിലായിരുന്നു പുതിയകടവ് മുതൽ ബീച്ച് റോഡ് വഴി ലൈറ്റ് ഹൗസ് വരെ നീണ്ട റോഡ് ഷോ. ആവേശത്താൽ ആർപ്പുവിളിച്ച് അടുത്ത അണികൾക്ക് നേരെ രാഹുൽ കൈവീശി. സ്നേഹസമ്മാനമായി രാഹുലിന്റെ ചിത്രങ്ങളും കണിക്കൊന്നയും മറ്റും യാത്രയ്ക്കിടെ അണികൾ നൽകി. സ്ഥാനാർത്ഥികളായ കെ.എം അഭിജിത്ത്, അഡ്വ.നൂർബിന റഷീദ്, അഡ്വ.പി.എം നിയാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. വർഗീയതയ്ക്കും അഴിമതിയ്ക്കും പകയ്ക്കുമെതിരെയാണ് ഐക്യ ജനാധിപത്യ മുന്നണി മത്സരിക്കുന്നതെന്നും കോൺഗ്രസ് അധികാരത്തിലേറിയാൽ വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുമെന്നും രാഹുൽ പൊതുയോഗത്തിൽ പറഞ്ഞു. കേളത്തിൽ ന്യായ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് സാമ്പത്തിക ഭദ്രതയും തൊഴിൽലഭ്യതയും ഉറപ്പാക്കുമെന്ന് രാഹുൽ പറഞ്ഞതോടെ ആവേശത്താൽ ജനം ആർപ്പുവിളിച്ചു. അമേരിക്കൻ കമ്പനിയുമായി രഹസ്യ കരാറിലേർപ്പെട്ട് മത്സ്യത്തൊഴിലാളികളെ ചതിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ഗൂഢോദ്ദേശ്യങ്ങളായിരുന്നു ഇടതു സർക്കാരിന്റേത്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ചെറുപ്പക്കാരെ കാണാൻ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. നിയമനങ്ങൾ പിൻവാതിലിലൂടെ നടത്താനായിരുന്നു അദ്ദേഹത്തിന് താത്പര്യം. കോൺഗ്രസ് മുക്ത കേരളമെന്ന് ബി.ജെ.പി ദേശീയ നേതാക്കളടക്കം ആവർത്തിക്കുന്നുണ്ട്. ഇടതുപക്ഷ മുക്ത കേരളം എന്ന് അവർ പറയുന്നില്ലല്ലോ ?. ഇരുകൂട്ടരും തമ്മിൽ ധാരണയുണ്ടെന്ന് പറയുന്നത് വെറുതെയല്ല. ഇതിനെല്ലാം അറുതി വരുത്താൻ കെ.എം അഭിജിത്ത്, അഡ്വ. നൂർബിന റഷീദ്, അഡ്വ.പി.എം. നിയാസ് എന്നിവരെയും മറ്റു യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. വൈകിട്ട് മൂന്നരയോടെ അദ്ദേഹം ഹെലികോപ്ടറിൽ തിരുവനന്തപുരത്തെ നേമത്തേയ്ക്ക് തിരിച്ചു.