കോഴിക്കോട്: കോഴിക്കോട് ഇന്ന് ബൂത്തുകളിലെത്തുമ്പോൾ സുരക്ഷാസേനയ്ക്ക് പുറമെ നിർദ്ദേശങ്ങളുമായി ഹരിത കർമ്മ സേനയുമുണ്ടാകും. ഹരിത വോട്ടെടുപ്പെന്ന ലക്ഷ്യത്തിനായി പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരാണ് ബൂത്ത് കേന്ദ്രങ്ങളിൽ സജീവമാവുക. ഹരിത പ്രോട്ടോകോൾ പൂർണമായും നടപ്പാക്കുകയാണ് ഇവരുടെ ചുമതല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പായി നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയത്. 13 നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് പ്രക്രിയ ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തുവാൻ മാർച്ച് ആദ്യവാരം തന്നെ വിവിധ തലങ്ങളിൽ പരിശീലനം നൽകിയിരുന്നു. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശീലനത്തിൽ പങ്കാളികളായി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉത്പ്പന്നങ്ങൾക്ക് പകരം പ്രകൃതി സൗഹൃദ ഉത്പ്പന്നങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശം പരിശീലനത്തിൽ നൽകി. ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ പരിസരത്തും തിരഞ്ഞെടുത്ത നാല് പോളിംഗ് സ്റ്റേഷനിലും മാതൃകാ ഹരിത ബൂത്ത് സജ്ജമാക്കി.
ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ, മെഡിക്കൽ മാലിന്യങ്ങൾ എന്നിവ പ്രത്യേകം തയ്യാറാക്കിയ കൊട്ടകളിൽ നിക്ഷേപിക്കും. വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിയ്ക്കുന്നതിന് പ്രത്യേകം കൊട്ടകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കി. മാലിന്യം തരം തിരിക്കൽ, സമയബന്ധിതമായി നീക്കം ചെയ്യൽ എന്നിവയ്ക്കായി ഓരോ പോളിംഗ് ബൂത്തിലും തദ്ദേശ സ്ഥാപനങ്ങൾ വഴി ഹരിത കർമ്മസേനയുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി. എഫിലേക് മാറ്റി കഴിഞ്ഞാൽ അവിടെ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കും. ബയോ മെഡിക്കൽ മാലിന്യങ്ങൾ ആരോഗ്യ വിഭാഗം സജ്ജമാക്കിയിരിക്കുന്ന ഫെസിലിറ്റി സെന്ററിലേയ്ക്ക് ഹരിത കർമ്മ സേന മാറ്റുകയും അവിടെ നിന്ന് ഇമേജ് എന്ന ഏജൻസി ശേഖരിക്കുകയും ചെയ്യും. ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിലായി 3709 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. മെഡിക്കൽ മാലിന്യങ്ങളുടെ പരിപാലനം ജില്ലാ മെഡിക്കൽ വിഭാഗത്തിനാണ്.
# ''ഫെബ്രുവരി മുതൽ ഒരുക്കങ്ങൾ തുടങ്ങി. തിരഞ്ഞെടുപ്പിന് ഹരിത കർമ്മ സേന പൂർണ സജ്ജമാണ്"
മിനി, ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കർമ്മ സേന