കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപന നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പോളിംഗ് ബൂത്തിൽ വോട്ടർമാർ ജാഗ്രത കൈവിടരുതെന്ന് നിർദ്ദേശം.
വോട്ടർമാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ശാരീകഅകലം പാലിക്കുകയുംവേണം. ബ്രേക്ക് ദ ചെയിൻ ഉറപ്പാക്കുന്നതിനായി ബൂത്തിൽ ഹാൻഡ് വാഷും സാനിറ്റൈസറും അടങ്ങിയ കിറ്റുണ്ടാവും. ശരീരോഷ്മാവ് പരിശോധിക്കാൻ ഓരോ പോളിംഗ് ബൂത്തിലും തെർമൽ സ്കാനിംഗ് ഉപകരണവും ഉറപ്പാക്കുന്നുണ്ട്. പോളിംഗ് സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാനായി പരിശീലനം ലഭിച്ച ആശാ വർക്കറോ, എൻ.സി.സി - സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളോ ഉണ്ടാവും. ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടുതലാണെങ്കിൽ ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടിയ അളവിലാണെങ്കിൽ ടോക്കൺ നൽകി പോളിംഗിന്റെ അവസാന മണിക്കൂറിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചുകൊണ്ട് എത്താൻ ആവശ്യപ്പെടും.
ക്യൂവിൽ നിൽക്കുന്നവർ അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടയാളം വെയ്ക്കുന്നുണ്ട്. കൊവിഡ് ബാധിതരും രോഗമുണ്ടെന്ന് സംശയിക്കുന്നവരും പി പി ഇ കിറ്റ്, ഹാൻഡ് ഗ്ലൗസ്, എൻ 95 മാസ്ക് എന്നിവ ധരിച്ച് എത്തിയാൽ മാത്രമെ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ.
ഏതെങ്കിലും വോട്ടർ മാസ്കില്ലാതെ വന്നാൽ വിതരണം ചെയ്യുന്നതിനായി മാസ്ക് കോർണർ ഓരോ ബൂത്തിലുമുണ്ടാവും. പോളിംഗ് ഓഫീസർമാർ, പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് എൻ 95 മാസ്കുകൾ, അണുവിമുക്തമാക്കിയ ഗ്ലൗസുകൾ, ഫേസ് ഷീൽഡ്, ഹാൻഡ് സാനിറ്റൈസർ എന്നിവയടങ്ങിയ പ്രൊട്ടക്ഷൻ കിറ്റുകൾ നൽകും.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കുമെതിരെ ശക്തമായ നടപടിയെടുക്കും. ആളുകൾ കൂടാനിടയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.