കോഴിക്കോട്: നിശബ്ദപ്രചാരണ ദിവസം തിരക്കിന്റെ മൂർധന്യത്തിലായിരുന്നു രാഷ്ട്രീയകേന്ദ്രങ്ങൾ. അവസാനഘട്ടത്തിലേക്ക് കടന്നപ്പോഴേക്കും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വേദിയായി മാറിയ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കഴിയാവുന്നത്ര വോട്ടർമാരെ നേരിൽ കണ്ടും മറ്റുള്ളവരെ ഫോണിലൂടെ ബന്ധപ്പെട്ടും സ്ഥാനാർത്ഥികൾ വോട്ടിന്റെ കാര്യം ഓർമ്മിച്ചു. പ്രമുഖരെ സന്ദർശിക്കാനും സ്ഥാനാർത്ഥികൾ സമയം കണ്ടെത്തിയിരുന്നു.
അതിരാവിലെ മുതൽ സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സജീവമായി. ആരാധനാലയങ്ങൾ സന്ദർശിച്ചും മോണിംഗ് വാക്ക് നടത്തിയും വോട്ടുറപ്പിച്ചു. മരണവീടുകളിലും വിവാഹവീടുകളിലും കയറി.
കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിൽ രാവിലെ ബിഷപ്പ് ഹൗസിലെത്തി. ചക്കുംകടവ്, ചാലപ്പുറം, കല്ലായി, തിരുവണ്ണൂർ എന്നിവിടങ്ങളിൽ ഗൃഹസന്ദർശനവും നടത്തി. യു.ഡി.എഫിന്റെ നൂർബിന റഷീദും മണ്ഡലത്തിൽ സജീവമായിരുന്നു. എൻ.ഡിഎ യുടെ നവ്യ ഹരിദാസും ഭവന സന്ദർശനത്തിന്റെ തിരക്കിലായിരുന്നു.
കൊയിലാണ്ടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല കുറുവങ്ങാട്, നന്തി എന്നിവിടങ്ങളിലും കൊല്ലം പിഷാരികാവിലും എത്തി. യു.ഡി.എഫിന്റെ എൻ. സുബ്രഹ്മണ്യൻ പിഷാരികാവിൽ ദർശനം നടത്തി. ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലും അദ്ദേഹം വോട്ട് തേടിയെത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി രാധാകൃഷ്ണനും പിഷാരികാവിൽ ദർശനം നടത്തി. തുടർന്ന് തീരദേശ മേഖലയിലെ വീടുകൾ കയറി.
കുന്ദമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ. റഹീം വെള്ളിപറമ്പ്, കാരന്തൂർ, കുന്ദമംഗലം, കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ് എന്നിവിടങ്ങളിൽ പരമാവധി വോട്ടർമാരെ കണ്ടു. യു.ഡി.എഫ് സ്ഥനാർത്ഥി ദിനേശ് പെരുമണ്ണയും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് തേടി. എൻ.ഡി.എ സ്ഥാനാർത്ഥി വി.കെ. സജീവൻ സിനിമാതാരം നിർമ്മൽ പാലാഴിയുടെ വീട്ടിലെത്തിയിരുന്നു. ചെറുകുളത്തും മറ്റു പ്രദേശങ്ങളിലും അദ്ദേഹം വോട്ടർമാരെ കണ്ടു.
ബേപ്പൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ചെറുവണ്ണൂർ, കടലുണ്ടി, ബേപ്പൂർ, ഫറോക്ക് രാമനാട്ടുകര എന്നിവിടങ്ങളിലെ വീടുകൾ കയറി. ഫറോക്കിലെ ചെരുപ്പ് കമ്പനികളും സന്ദർശിച്ചു. യു.ഡി.എഫിന്റെ പി.എം. നിയാസ് ബേപ്പൂർ, ചാലിയം, കടലുണ്ടി, മീഞ്ചന്ത,ഫറോക്ക് എന്നിവടങ്ങളിലെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവും മണ്ഡലത്തിലെ പല ഭാഗങ്ങളിലായി വോട്ട് തേടി.
വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ ഓർക്കാട്ടേരി, കുറിഞ്ഞാലിയോട്, ഏറാമല എന്നിവിടങ്ങളിൽ വോട്ട് തേടി. വൈകിട്ട് വടകര ടൗണിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. യു.ഡി.എഫ് പിന്തുണയ്ക്കുന്ന കെ.കെ.രമ വടകര ടൗൺ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിലും കവലകളിലും വോട്ട് തേടിയെത്തി. എൻ.ഡി.എ യുടെ എം. രാജേഷ് കുമാർ വടകര ടൗണിലുൾപ്പെടെ കേന്ദ്രീകരിച്ചു.
കോഴിക്കോട് നോർത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ ഈസ്റ്റ്ഹിൽ, വെസ്റ്റ്ഹിൽ, നടക്കാവ് എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ചു. യു.ഡി.എഫിന്റെ കെ. എം. അഭിജിത്ത് വെള്ളിമാട്കുന്ന്, മലാപ്പറമ്പ് എന്നിവിടങ്ങളിൽ വോട്ട് തേടി. ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യുവിനെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് ബീച്ച് മേഖല കേന്ദ്രീകരിച്ച് നിശബ്ദ പ്രചാരണത്തിലായിരുന്നു.
കുറ്റ്യാടി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ്കുട്ടി കുന്നുമ്മൽ, വേളം, ആയഞ്ചേരി, കുറ്റ്യാടി പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചു. യു.ഡി.എഫിന്റെ പാറക്കൽ അബ്ദുള്ളയും കുന്നുമ്മൽ, വേളം, പഞ്ചായത്തുകളിലെ വീടുകളിലെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പി.പി മുരളി പല ഭാഗങ്ങളിലായി വീടുകൾ കയറി.
നാദാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.കെ വിജയൻ കരുവന്തേരി, മരുതോങ്കര, കോതോട്, പശുക്കടവ്, തൂണേരി എന്നിവിടങ്ങളിൽ വോട്ട് തേടിയെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. പ്രവീൺകുമാർ നാദാപുരം, കുണ്ടുതോട്, നരിപ്പറ്റ, വാണിമേൽ എന്നിവിടങ്ങളിലെ വീടുകൾ കയറി. എൻ.ഡി.എയുടെ എം.പി. രാജൻ പുറമേരിയിൽ വോട്ട് തേടി.
പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.രാമകൃഷ്ണൻ പേരാമ്പ്ര, ആവള എന്നിവിടങ്ങളിലെ വീടുളിലെത്തി വോട്ട് തേടി. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. ഇബ്രാഹിംകുട്ടി പേരാമ്പ്രയിലെ പല ഭാഗങ്ങളിലായി വോട്ട് തേടി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സുധീറും മണ്ഡലത്തിൽ നിശബ്ദപ്രചാരണരംഗത്ത് സജീവമായിരുന്നു.
എലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രൻ വിവിധ ഇടങ്ങളിൽ വോട്ടർമാരെ കണ്ടശേഷം വോട്ട് ചെയ്യാനായി കണ്ണൂരിലേക്ക് തിരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി മണ്ഡലത്തിൽ സജീവമായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി ജയചന്ദ്രൻ വീടുകൾ സന്ദർശിച്ച് വോട്ടുറപ്പിച്ചു.
ബാലുശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. സച്ചിൻദേവ് ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലെ വീടുകളിൽ വോട്ട് തേടിയെത്തി. യു.ഡി.എഫിന്റെ ധർമ്മജൻ ബോൾഗാട്ടി അത്തോളി, കായണ്ണ, നടുവണ്ണൂർ പ്രദേശങ്ങളിൽ ഭവനസന്ദർശനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ലിബിൻ ബാലുശ്ശേരിയും വീടുകൾ കേന്ദ്രീകരിച്ചുള്ള നിശബ്ദപ്രചാരണത്തിലായിരുന്നു.
കൊടുവള്ളിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ് കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്തുകളിലെ ചില വീടുകൾ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ മുനീർ കൊടുവള്ളി ടൗണിലും പരിസരപ്രദേശങ്ങളിലും കേന്ദ്രീകരിക്കുകയായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ടി. ബാലസോമൻ പല ഭാഗങ്ങളിലായി വീടുകൾ കയറിയിറങ്ങി.
തിരുവമ്പാടി എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് തിരുവമ്പാടി, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുതുപ്പാടി എന്നീ പഞ്ചായത്തുകളിലെ ചില വീടുകൾ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി. ചെറിയ മുഹമ്മദ് കൊടിയത്തൂർ, മുക്കം ഭാഗങ്ങളിൽ വോട്ടു തേടിയെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിന്റെ അവസാനറൗണ്ട് പ്രവർത്തനവും പരമാവധി വീടുകൾ കേന്ദ്രീകരിച്ചായിരുന്നു.