കോഴിക്കോട്: മഞ്ചേശ്വരത്ത് പൊരുതാനാണെങ്കിൽ സി.പി.എം ദുർബല സ്ഥാനാർത്ഥിയെയല്ല നിറുത്തേണ്ടിയിരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.
സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സാങ്കേതികമായി ഇനി സാധിക്കില്ലെന്നിരിക്കെ സി.പി.എം വോട്ട് ഐക്യജനാധിപത്യ മുന്നണിയ്ക്ക് നൽകുന്നതാണ് നല്ലതെന്ന് പരിഹാസരൂപേണ സൂചിപ്പിച്ചതായിരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫിന് ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്തുണ്ടെന്നും മുല്ലപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അശിർവാദത്തോടെയാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ സ്ഥാനാർത്ഥിയായത്. കോൺഗ്രസ് മുക്ത കേരളത്തിനായി സി.പി.എമ്മും ബി.ജെ.പിയും പണം ഒഴുക്കുകയാണ്.
സി.പി.എം - ബി.ജെ.പി രഹസ്യധാരണ അങ്ങാടിപ്പാട്ടാണ്. കൈപ്പിഴയിൽ നേരത്തേ നേമത്ത് തുറന്ന ബി.ജെ.പി അക്കൗണ്ട് ഇത്തവണ കെ.മുരളീധരൻ എന്ന കരുത്തനിലൂടെ കോൺഗ്രസ് ക്ലോസ് ചെയ്തിരിക്കും.
തലശ്ശേരിയിൽ മന:സാക്ഷിയനുസരിച്ചു വോട്ട് ചെയ്യുമെന്ന ബി.ജെ.പി അദ്ധ്യക്ഷന്റെ പ്രസ്താവന വോട്ട് സി.പി.എമ്മിന് കൊടുക്കണമെന്ന നിർദ്ദേശമാണ്. മുഖ്യമന്ത്രി ധർമ്മടത്ത് സംഘടിപ്പിച്ച കലാസന്ധ്യയിൽ പങ്കെടുത്ത ഒരു നടിക്ക് നൽകിയത് 50 ലക്ഷം രൂപയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമോയെന്നത് വ്യക്തമാക്കണം.ഒരിടത്തും വർഗീയശക്തികളുടെ വോട്ട് യു.ഡി. എഫിന് വേണ്ട. കായംകുളം യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ. എം ആരിഫ് പരസ്യമായി മാപ്പു പറയണം.
മുല്ലപ്പള്ളിയുടെ പ്രസ്താവന സാഹചര്യമറിയില്ലെന്ന് ചെന്നിത്തല
ആലപ്പുഴ: മഞ്ചേശ്വരത്ത് എൽ.ഡി.എഫുകാർ യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയുടെ സാഹചര്യമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷം സർക്കരിനെതിരെഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു. തുടർ ഭരണത്തിനായി ആരുമായും കൈകോർക്കുന്ന സ്ഥിതിയിലേക്ക് സി.പി.എം എത്തി. പി.ഡി.പി ഉൾപ്പെടെയുള്ള സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹര്യമാണ് . സ്വന്തം ഓഫീസിലെ ജീവനക്കാരെ പോലും നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ കേരളം ഭരിക്കാൻ കഴിയും. ധാർഷ്ട്യവും അഹങ്കാരവുമാണ് പിണറായിയുടെ മുഖമുദ്ര. കള്ളത്തരങ്ങൾ മുഴുവനും പുറത്തുവരുമെന്ന പേടിയാണ് ഇപ്പോഴുള്ളത്.
സി.പി.എമ്മിനാണ് ബി.ജെ.പി.യുമായി അന്തർധാരയുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
മഞ്ചേശ്വരത്ത്യു.ഡി.എഫിന് ഒറ്റയ്ക്ക് ജയിക്കാനാവും: ഉമ്മൻ ചാണ്ടി
കോട്ടയം: മഞ്ചേശ്വരത്ത് യു.ഡി.എഫിന് ഒറ്റയ്ക്ക് ജയിക്കാനാവുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുൻപും യു.ഡി.എഫ് ഒറ്റയ്ക്ക് മഞ്ചേശ്വരത്ത് മുൻപ് വിജയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് യു.ഡി.എഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.