കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മുമ്പൊന്നുമില്ലാത്ത വിധം പോര് മുറുകിയതോടെ പോളിംഗ് ശതമാനം ഉയരാൻ സാദ്ധ്യത. രണ്ട് മണ്ഡലങ്ങളൊഴിച്ച് മറ്റ് 11 മണ്ഡലങ്ങളിലും പൊരിഞ്ഞ അങ്കമാണ്. പരമാവധി വോട്ടുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ.
ആകെ 96 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ജില്ലയിൽ 25,58,679 വോട്ടർമാരാണുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. മൊത്തം 3,790 ബൂത്തുകളുള്ളതിൽ 32 എണ്ണം നക്‌സൽ ഭീഷണി നേരിടുന്നവയാണ്. ബാലശ്ശേരി (1), തിരുവമ്പാടി (13), നാദാപുരം (18) എന്നിവിടങ്ങളിലായുള്ള ഈ ബൂത്തുകൾ. ഈ ബൂത്തുകളിൽ വൈകിട്ട് ആറിന് പോളിംഗ് അവസാനിക്കും. 43 ക്രിട്ടിക്കൽ ബൂത്തുകളും 499 വൾനറബിൾ ബൂത്തുകളുമുണ്ട് ജില്ലയിൽ. വനിത ഉദ്യോഗസ്ഥരുടെ പൂർണനിയന്ത്രണത്തിലുള്ള 13 പിങ്ക് ബൂത്തുകളുമുണ്ട്.
ജില്ലയിൽ ക്രമസമാധാനപാലനത്തിനായി കേന്ദ്ര, സംസ്ഥാന, സ്‌പെഷൽ സേനയിലെ 7,234 ഉദ്യോഗസ്ഥരെ നിയോഗിച്ചു. നക്‌സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലും പോളിങ് സ്‌റ്റേഷൻ പരിസരത്ത് കേന്ദ്ര സേനയെ വിന്യസിക്കും.
1845 ബൂത്തുകളിൽ വെബ്കാസ്റ്റിംഗും 209 ബൂത്തുകളിൽ വീഡിയോഗ്രഫി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക ക്യൂ ഉണ്ടാവും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ട്രയലിനായി ബ്രെയിൽ ലിപിയിൽ ഡമ്മി ബാലറ്റ് നൽകും. അംഗപരിമിതരായ വോട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കും.