കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സത്യസന്ധമല്ലാത്ത കാര്യങ്ങൾ ഉൾക്കൊള്ളിച്ച് നോട്ടീസ് വിതരണം ചെയ്തതായി കൽപ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.സിദ്ദിഖ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർക്ക് പരാതി നൽകി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടേയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയും അറിവോടെയാണ് പാർട്ടി പ്രവർത്തകർ വീടുകളിൽ നേരിട്ടും സോഷ്യൽമീഡിയ വഴിയും പ്രചാരണം നടത്തുന്നതെന്ന് സിദ്ദിഖ് പരാതിയിൽ പറഞ്ഞു. 'എങ്ങിനെ നിന്നെ വിശ്വസിക്കും' എന്ന തലക്കെട്ടിൽ ഖുറാൻ സൂക്തങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച നോട്ടീസ് വിതരണം ചെയ്തതായാണ് പരാതി. സ്ത്രീവോട്ടർമാരെ സ്വാധീനിക്കാനാണ് ഇത് ചെയ്തിരിക്കുന്നത്. നോട്ടീസിലെ പ്രസ്താവനകൾ തീർത്തും കളവാണ്. ഇത്തരം ദുരാരോപണങ്ങൾ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് നോട്ടീസ് പ്രചരിപ്പിക്കുന്നത് തടയണമെന്നും, കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും സിദ്ദിഖ് പരാതിയിൽ ആവശ്യപ്പെട്ടു.