കോഴിക്കോട്: ജമാ അത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അസി. അമീറും കേരള അമീറുമായിരുന്ന പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ (76) അന്തരിച്ചു. അസുഖം ബാധിച്ച് ഏറെനാളായി കോഴിക്കോട് കോവൂരിൽ മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 8. 30ന് കോഴിക്കോട് വെള്ളിപറമ്പ് ജുമ അത്ത് പള്ളി കബർസ്ഥാനിൽ.
ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹം മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയാണ്. ഭാര്യ: വി.കെ. സുബൈദ. മക്കൾ: ഫസലുർ റഹ്‌മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർ റഹ്‌മാൻ. കെ.എം. അബ്ദുള്ള മൗലവിയുടെയും പി.എ. ഖദീജയുടെയും മകനായി 1945 മേയ് 5ന് തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് ഏറിയാടായിരുന്നു ജനനം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലും കൊയിലാണ്ടി, കോടഞ്ചേരി, കാസർകോട് ഗവ. കോളേജുകളിലും അദ്ധ്യാപകനായിരുന്നു. 1990 മുതൽ 2005 വരെ നാലു തവണ ജമാ അത്തെ ഇസ്ലാമി കേരള അമീർ എന്ന നിലയിൽ പ്രവർത്തിച്ചു.
പ്രബോധനം വാരികയുടെ മുഖ്യപത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇസ്‌ലാം ദർശനം അസിസ്റ്റന്റ് എഡിറ്റർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാചക കഥകൾ, ഇസ്‌ലാം: ഇന്നലെ, ഇന്ന്, നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്ലാമിന്റെ രാഷ്ട്രീയവ്യവസ്ഥ എന്നിവ വിവർത്തന കൃതികളാണ്. ഇസ്ലാമിക് ഓൺലൈൻ സ്റ്റാർ അവാർഡ് (2010), ഇമാം ഹദ്ദാദ് എക്‌സലൻസ് അവാർഡ് (2015), ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻ പ്രഥമ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.