voters
കോ​ഴി​ക്കോ​ട് ​പ​യ്യാ​ന​ക്ക​ൽ​ ​സ്കൂ​ളി​ലെ​ ​ബൂ​ത്തു​ക​ളി​ൽ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ​ ​തി​ര​ക്ക്

കോഴിക്കോട്: സംഘർഷങ്ങളുണ്ടാകാതെ, പൊതുവെ സമാധാനപരമായി പോളിംഗ് നടന്ന ജില്ലയിൽ തിരഞ്ഞെടുപ്പ് ദിവസവും മുന്നണിഭേദമന്യേ പ്രവർത്തകർ ആവേശപ്പാച്ചിലിലായിരുന്നു. പ്രചാരണനാളുകളിലെ ഓട്ടം ഇന്നലെ പരമാവധി വോട്ടുകൾ വീഴ്ത്തുന്ന കാര്യത്തിലുമുണ്ടായിരുന്നു.

ജില്ലയിൽ ആദ്യമണിക്കൂറുകളിൽ തന്നെ കനത്ത പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു പലയിടത്തും. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പത്ത് ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചയോടെ മിക്കയിടത്തും വോട്ടിംഗ് ശതമാനം അൻപത് പിന്നിട്ടു. വൈകുന്നേരമായപ്പോഴേക്കും ബുത്തുകളധികവും പൊതുവെ ശൂന്യമായി. പ്രായം ചെന്നവർക്ക് വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അനുവദിച്ചത് പോളിംഗ് വേഗത്തിലാകാൻ കാരണമായി.

ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയെ ബൂത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് രാവിലെ തന്നെ പരാതി ഉയർന്നു. കള്ളവോട്ട് പരാതിയുമായി നാദാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രവീൺകുമാറും രംഗത്തെത്തി. ബൂത്തിൽ എത്തിയ തന്നെ തടഞ്ഞെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഒഞ്ചിയത്ത് വോട്ടിംഗ് വൈകിയതിനെതിരെ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമ പരാതി നൽകി. കോഴിക്കോട് നോർത്തിൽ വെസ്റ്റ് ഹില്ലിലെയും സിവിൽ സ്റ്റേഷൻ പരിസരത്തെയും ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി ബി.ജെ.പി സ്ഥാനാർത്ഥി എം.ടി. രമേശ് പരാതി ഉയർത്തി.

അവസാന നിമിഷത്തിലും പഴുതുകളടച്ച് വോട്ടുറപ്പിക്കാനായി ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളിൽ മിക്കവരും രാവിലെ നേരത്തെ വോട്ട് ചെയ്ത ശേഷം തങ്ങളുടെ മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിച്ച് പ്രവർത്തകർക്ക് ഊർജം പകർന്നു.

രാഷ്ട്രീയ അരോപണ പ്രത്യാരോപണങ്ങളുടെ കേന്ദ്രം കൂടിയായി ഇന്നലെ കോഴിക്കോട് മാറി. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും സി.പി.എം - ബി.ജെ.പി ബന്ധം ആരോപിച്ചും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന വലിയ ചർച്ചയായി. ജനം മൂന്നാം ബദലിന് വോട്ട് ചെയ്യുമെന്ന അവകാശവാദത്തോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മുല്ലപ്പള്ളിയ്ക്ക് മറുപടി നൽകിയും കോഴിക്കോട്ട് വെച്ചായിരുന്നു.

തീർത്തും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലയിൽ കൊവിഡ് നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തിയിരുന്നു.
വോട്ടർമാർ മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും പരമാവധി അകലം പാലിക്കുന്നുണ്ടെന്നും ബൂത്തുകളിൽ ഉറപ്പ് വരുത്തി. ഹാൻഡ് വാഷും സാനിറ്റൈസറും പുറത്ത് ഒരുക്കിയിരുന്നു. പൊലീസിനു പുറമെ ആശാ വർക്കർ, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരും നിലയുറപ്പിച്ചിരുന്നു ജാഗ്രതയോടെ.

 13 ബൂത്തുകളുടെ പൂർണ

നിയന്ത്രണം വനിതകൾക്ക്

ജില്ലയിലെ 13 നിയോജകമണ്ഡലത്തിലും ഓരോ ബൂത്തിന്റെ പൂർണനിയന്ത്രണം വനിതകൾക്കായിരുന്നു. പിങ്ക് ബൂത്ത് എന്നറിയപ്പെടുന്ന ഈ ബൂത്തുകളിൽ പോളിംഗിന്റെയും സുരക്ഷയുടെയുമെല്ലാം ചുമതല വനിതകൾ ഏറ്റെടുത്തു.
പ്രിസൈഡിംഗ് ഓഫീസർ, ബൂത്ത് ലെവൽ ഓഫീസർ, പോളിംഗ് ഓഫീസർ, പൊലീസ് എന്നിവരുൾപ്പടെ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു വോട്ടെടുപ്പ്. വടകരയിൽ 121, കുറ്റ്യാടിയിൽ 18, നാദാപുരത്ത് 79, കൊയിലാണ്ടിയിൽ 37, പേരാമ്പ്രയിൽ 57, ബാലുശ്ശേരിയിൽ 140, എലത്തൂരിൽ 90, കോഴിക്കോട് നോർത്തിൽ 104, കോഴിക്കോട് സൗത്തിൽ 1, ബേപ്പൂരിൽ 58, കുന്ദമംഗലത്ത് 77, കൊടുവള്ളിയിൽ 79, തിരുവമ്പാടിയിൽ 140 എന്നിവയായിരുന്നു പിങ്ക് ബൂത്തുകൾ.