voting

കോഴിക്കോട്: രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴ് വരെ വോട്ടിംഗ് മെഷീനുകളിൽ നിന്ന് ജനാധിപത്യത്തിന്റെ ബീപ് ശബ്ദം മുഴങ്ങികൊണ്ടേയിരുന്നു. ജില്ലയുടെ ഗ്രാമീണ മേഖലയിൽ നീണ്ട ക്യൂ ഇല്ലാത്ത വോട്ടെടുപ്പ് ദിനമായിരുന്നു ഇത്തവണ. പതിവ് കാഴ്ചയായ വലിയ തിരക്ക് രാവിലെ കുറച്ചു സമയമൊഴിച്ചാൽ കണ്ടതേയില്ല.

കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക തപാൽ വോട്ട്, വീട്ടിലെത്തിയുള്ള വോട്ട്,

പോളിംഗ് ബൂത്തുകളുടെ എണ്ണക്കൂടുതൽ എന്നിവയെല്ലാം തിരക്ക് കുറയ്ക്കാൻ കാരണമായി.പോളിംഗ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിച്ചതും ഓപ്പൺ വോട്ടുകൾ വീട്ട് വോട്ടായി മാറിയതും പോളിംഗിന് സഹായമായി.

വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയ്ക്ക് പതിവ്‌ പോലെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടെങ്കിലും മിനിറ്റുകൾക്കുള്ളിൽ മെലിഞ്ഞു വന്നു. പലരും രാവിലെ 6 മണിയോടെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 20 ശതമാനത്തിലേക്ക് ജില്ലയിൽ വോട്ടിംഗ് ശതമാനം ഉയർന്നു.

വടകര മനാറുൽ ഇസ്ലാം എച്ച്.എസ്.എസിലെ ഒരു ബൂത്തിൽ രാവിലെ 11 ആകുമ്പോഴേക്കും ആകെ വോട്ടായ 502ൽ 116 പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. മടപ്പള്ളി ഗവ. കോളജിൽ ആദ്യ നാല് മണിക്കൂറിൽ പകുതിയോടടുത്ത് പേർ വോട്ട് ചെയ്തു. നാല് ബൂത്തുകൾ സജ്ജമാക്കിയ ഇവിടെ രാവിലെ മുതൽ ആളുകളെത്തിയിരുന്നു. എന്നാൽ നീണ്ട ക്യൂ ഉണ്ടായിരുന്നില്ല.

കനത്ത വെയിൽ വോട്ടർമാരെ വലിയ തോതിൽ ബാധിച്ചിരുന്നതിനാൽ ഉച്ചസമയങ്ങളിൽ ബൂത്തുകളിൽ വോട്ടർമാർ കുറവായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ വീണ്ടും പോളിംഗ് ഉയർന്നു. ജില്ലയിൽ എല്ലാ കാലത്തും വൈകി വോട്ടെടുപ്പ് പൂർത്തിയാവുന്ന പുറമേരിയിലെ കടത്തനാട് രാജാസ് ഹൈസ്‌കൂളിൽ എട്ട് ബൂത്തുകളാണ് സജ്ജീകരിച്ചത്. നാലായിരത്തിലധികം വോട്ടർമാരുള്ള ഇവിടെ തിരക്കൊഴിവാക്കാൻ വോട്ടർമാരെ വിവിധ ബൂത്തുകളിലേക്ക് മാറ്റിയിരുന്നു. ഇതോടെ പോളിംഗ് സുഗമമായി. 80 വയസുള്ളവർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടും നിരവധി പേരാണ് ബൂത്തിലെത്തി വോട്ട് ചെയ്തത്. പലരേയും കസേരയിലിരുത്തിയും എടുത്തും ബൂത്തിലെത്തിച്ചു. പേരാമ്പ്രയിൽ കിടപ്പുരോഗിയെ ആംബുലൻസിലെത്തിച്ച് വോട്ട് ചെയ്യിച്ചു. വോട്ടിംഗ് മെഷീൻ പണിമുടക്കിയെങ്കിലും വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മേഖലയിൽ പോളിംഗ് വൈകിയെന്ന പരാതി

ഉയർന്നില്ല.

പരിസ്ഥിതി സൗഹൃദ ബൂത്തുകൾ

പ്ലാസ്റ്റിക് മാലിന്യ മുക്ത ബൂത്തുകളായിരുന്നു ഇത്തവണത്തെ പ്രത്യേകത. സ്വാഗത കവാടം മുതൽ മാലിന്യ നിക്ഷേപ കൂട്ടകൾ വരെ ഓല കൊണ്ടും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടുമാണ് നിർമ്മിച്ചത്. ആരോഗ്യ പ്രവർത്തകർ, സ്റ്റുഡൻസ് പൊലീസ്, ആശാ വർക്കർമാർ, ഹരിത കർമ്മസേന എന്നിവരെല്ലാം എണ്ണയിട്ട യന്ത്രത്തെ പോലെ പ്രവർത്തിച്ചു. ബൂത്തുകളിൽ സാനിറ്റൈസർ വിതരണം, താപ പരിശോധന എന്നിവ ഉണ്ടായിരുന്നു.

 കുടിവെളളവും ഇരിപ്പിടവും

വോട്ട‌ർമാർക്ക് കുടിവെള്ളം, ഇരിപ്പിടങ്ങൾ, ഫാൻ എന്നിവ എല്ലാ ബൂത്തുകളിലും ഒരുക്കിയിരുന്നു. വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേക പായകളും കെട്ടിയിരുന്നു.